Uncategorized
മലയോരമേഖലയിൽ കാറ്റിലും മഴയിലും വൻ നാശനഷ്ടം

മാലൂർ: കനത്ത മഴയിലും കാറ്റിലും മാലൂർ പഞ്ചായത്തിൽ വൻ നാശനഷ്ടം. തെങ്ങുകളും മരങ്ങളും പൊട്ടി വീണ് മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി. മാലൂർ കപ്പറ്റപൊയിലിൽ ഹൈക്കോടതി ജീവനക്കാരൻ ഷാജി പണിക്കരുടെ വീട് തെങ്ങുവീണ് തകർന്നു. വീടിൻറെ സിങ്കുകൾ എല്ലാം തകർന്നു 25,000 രൂപയുടെ നഷ്ടം സംഭവിച്ചു. ശിവപുരം കതിരോട്ടിൽ മാലോടൻ മമ്മദിന്റെ വീടിനുമേൽ തെങ്ങ് വീണ് വരാന്ത ഭാഗം പൂർണമായും തകർന്നു. തലനാരിഴക്കാണ് മമ്മദ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.

ഉളിക്കൽ: പരിക്കളത്ത് ശക്തമായ കാറ്റിലും മഴയിലും വീട് തകർന്നു. പള്ളത്ത് പി.കെ ബിജുവിന്റെ ഓട് മേഞ്ഞ വീടിൻറെ മേൽക്കൂര പൂർണമായും കാറ്റിൽ നിലം പതിച്ചു. ബിജുവും കുടുംബവും സ്ഥലത്തില്ലാതിരുന്നതിനാൽ ആളപായം ഉണ്ടായില്ല. വീട് നഷ്ടമായതോടെ ഇവർ തൊട്ടടുത്ത വീട്ടിലാണ് താമസിക്കുന്നത്.