Uncategorized

ആകെ 250 ആയുഷ് സ്ഥാപനങ്ങള്‍ക്ക് എന്‍എബിഎച്ച് അംഗീകാരം; പുതുതായി ലഭിച്ചത് 100 സ്ഥാപനങ്ങള്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ 100 ആയുഷ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരമായ എന്‍.എ.ബി.എച്ച്. ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലെ 61 ആയുര്‍വേദ ഡിസ്പെന്‍സറികള്‍ക്കും ഒരു സിദ്ധ ഡിസ്പെന്‍സറിക്കും ഹോമിയോപ്പതി വകുപ്പിലെ 38 ഡിസ്പെന്‍സറികള്‍ക്കുമാണ് എന്‍.എ.ബി.എച്ച്. അംഗീകാരം ലഭ്യമായിരിക്കുന്നത്. ആദ്യഘട്ടത്തില്‍ 150 സര്‍ക്കാര്‍ ആയുഷ് സ്ഥാപനങ്ങള്‍ക്ക് എന്‍.എ.ബി.എച്ച്. അംഗീകാരം ലഭിച്ചിരുന്നു. ഇതോടെ ആകെ 250 ആയുഷ് സ്ഥാപനങ്ങള്‍ക്കാണ് എന്‍.എ.ബി.എച്ച്. അംഗീകാരം ലഭിച്ചിരിക്കുന്നത്. ഇവയെല്ലാം തന്നെ ഈ സര്‍ക്കാരിന്റെ കാലത്താണ് എന്‍.എ.ബി.എച്ച്. അംഗീകാരം നേടിയത്.

എന്‍.എ.ബി.എച്ച്. അംഗീകാരം ലഭിക്കുന്നതോടെ ആയുഷ് ആരോഗ്യ സേവന രംഗത്ത് മികച്ച ഗുണനിലവാരം ഉറപ്പുവരുത്താന്‍ സാധിക്കുമെന്ന് മാത്രമല്ല സംസ്ഥാനത്തെ ആരോഗ്യ ടൂറിസം രംഗത്തിനും ഇത് മുതല്‍ക്കൂട്ടാകും. ആരോഗ്യ സ്ഥാപനങ്ങള്‍ വിവിധ ഗുണമേന്മാ മാനദണ്ഡങ്ങള്‍ കൈവരിക്കുന്നതിന്റെ പൊതു അംഗീകാരമാണ് എന്‍.എ.ബി.എച്ച്. സര്‍ട്ടിഫിക്കേഷനിലൂടെ ലഭിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനം, രോഗീ സൗഹൃദം, രോഗീ സുരക്ഷ, ഔഷധഗുണമേന്മ, അണുബാധ നിയന്ത്രണം എന്നിവ ഉള്‍പ്പെടെയുള്ള സേവന നിലവാരങ്ങളുടെ വിലയിരുത്തലുകളെ തുടര്‍ന്നാണ് എന്‍.എ.ബി.എച്ച്. അംഗീകാരം ലഭ്യമായത്.സംസ്ഥാനത്തെ മുഴുവന്‍ ആയുഷ് ആരോഗ്യ സ്വാസ്ത്യ കേന്ദ്രങ്ങളെയും നാഷണല്‍ ആയുഷ് മിഷന്റെ സഹകരണത്തോടെ ഘട്ടം ഘട്ടമായി എന്‍.എ.ബി.എച്ച്. സര്‍ട്ടിഫിക്കേഷനിലേക്ക് നയിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. അടുത്ത ഘട്ടത്തില്‍ 250 പ്രാഥമിക സ്ഥാപനങ്ങളെയും 6 ആയുഷ് ആശുപത്രികളെയും തിരഞ്ഞെടുത്ത് പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button