Uncategorized
കോഴിക്കോട്ടെ റോഡിൽ വൻ ഗർത്തം, വെള്ളച്ചാട്ടം പോലെ കുതിച്ച് വെള്ളം; സംഭവം ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടിയ ശേഷം

കോഴിക്കോട്: മലാപ്പറമ്പ് – ചേവരമ്പലം റോഡിൽ വൻ ഗർത്തം രൂപപ്പെട്ടു. റോഡിന്‍റെ നടുവിലാണ് ഗർത്തം രൂപപ്പെട്ടത്. ഇന്ന് രാവിലെ ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടിയതിന് പിന്നാലെയാണ് റോഡ് പൊട്ടിപ്പൊളിഞ്ഞത്. മെഡിക്കൽ കോളജിലേക്ക് അടക്കം നൂറു കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന തിരക്കേറിയ റോഡിലാണ് പൊടുന്നനെ ഗർത്തം രൂപപ്പെട്ടത്. വെള്ളച്ചാട്ടം പോലെ വലിയ ശക്തിയിലാണ് വെള്ളം പുറത്തേക്ക് വന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. തൊട്ടടുത്തുള്ള കടകളിലേക്കും വീടുകളിലേക്കും വെള്ളം ഒഴുകിയെത്തി.
വാട്ടർ അതോറിറ്റി മലാപ്പറമ്പ് ടാങ്കിൽ നിന്നും ചേവരമ്പലം ഭാഗത്തേക്കുള്ള വിതരണ പൈപ്പാണ് പൊട്ടിയത്. വൈകാതെ വാൽവ് അടച്ചു. സംഭവം നടന്ന് രണ്ട് മണിക്കൂർ കഴിഞ്ഞിട്ടും മുന്നറിയിപ്പ് ബോർഡൊന്നും വയ്ക്കാതിരുന്നതിനാൽ ഇരു വശത്തു കൂടി വാഹനങ്ങൾ പോവുന്നുണ്ടായിരുന്നു.