താമരശ്ശേരിയിൽ ഡ്യൂട്ടി ചെയ്യാൻ എക്സൈസിന് വാഹനമില്ല; ഉദ്യോഗസ്ഥർ ഉപയോഗിക്കുന്നത് സ്വന്തം വാഹനം

ലഹരി കേസുകൾ വർധിക്കുന്ന കോഴിക്കോട് താമരശ്ശേരിയിൽ എക്സൈസിന് വാഹനമില്ല.കാലാവധി കഴിഞ്ഞതോടെ ഉണ്ടായിരുന്ന ഏക വാഹനം കട്ടപ്പുറത്തായി. പുതിയ വാഹനത്തിനായി അപേക്ഷ നൽകിയിട്ടും നടപടിയില്ല. കഴിഞ്ഞ ഒരു മാസത്തിനിടെ 2 കൊലപാതകം, എംഡിഎംഎ വിഴുങ്ങി മരണം എന്നിവ സംഭവിച്ച താമരശേരിയിലാണ് ദുരവസ്ഥ.
ദിനംപ്രതി താമരശേരിയിൽ റിപ്പോർട്ട് ചെയ്യുന്നത് നിരവധി ലഹരി കേസുകളാണ്. ഒരു മുനിസിപാലിറ്റിയും,11 പഞ്ചായത്തുകളും 5 പൊലിസ് സ്റ്റേഷനുകളും ഉൾപ്പെടുന്നതാണ് താമരശേരി എക്സൈസ് റേഞ്ച് പരുതി. പക്ഷേ ഉദ്യോഗസ്ഥർക്ക് ജോലി ചെയ്യണമെങ്കിൽ സ്വന്തം വാഹനം തന്നെ ഉപയോഗിക്കണം.
11 ജീവനക്കാരാണ് റേഞ്ച് ഓഫിസിൽ ഉള്ളത്. പുതിയ വാഹനത്തിനായി അപേക്ഷ നൽകിയിട്ടും നടപടിയില്ല. 15 വർഷ കാലവധി കഴിഞ്ഞതോടെയാണ് വാഹനം ഉപയോഗ ശൂന്യമായത്. കൊടുവള്ളി സർക്കിൾ ഓഫീസിൽ ജോലി കുറവാണേൽ അപേക്ഷ നൽകിയാൽ താല്കലികമായി വണ്ടി വിട്ട് കിട്ടും. എന്നാൽ ആവശ്യ സമയത്ത് ഇത് കിട്ടാറുമില്ല. ലഹരിക്കടിമകളായ യുവാക്കൾ സ്വന്തം അമ്മയെയും ഭാര്യയേയും കൊലപ്പെടുത്തിയതും എംഡിഎംഎ വിഴുങ്ങി യുവാവ് കൊല്ലപ്പെട്ടതും താമരശേരിയിലാണ് എന്നതും പ്രശ്നത്തിൻ്റെ ഗൗരവം വർധിപ്പിക്കുന്നു.