Uncategorized

ചോദ്യപേപ്പറുകളിലെ അക്ഷരത്തെറ്റില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി മന്ത്രി; റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

തിരുവനന്തപുരം: ഹയർസെക്കണ്ടറി പരീക്ഷാ ചോദ്യപേപ്പറുകളിലെ അക്ഷരത്തെറ്റ് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ നിർദ്ദേശം. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കാണ് നിർദ്ദേശം നൽകിയത്. ചോദ്യപേപ്പർ നിർമ്മാണത്തിന്‍റെ ഏത് ഘട്ടത്തിലാണ് അശ്രദ്ധ ഉണ്ടായതെന്ന് കണ്ടെത്താനാണ് നിർദ്ദേശം. അക്ഷരത്തെറ്റുകൾ പരീക്ഷ എഴുതിയ വിദ്യാർഥികളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെങ്കിൽ മൂല്യനിർണയ സമയത്ത് നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഹയർസെക്കൻഡറി പരീക്ഷാ ചോദ്യപേപ്പറുകളിലെ മലയാള തർജ്ജമയിലെ വ്യാപകമായ അക്ഷരത്തെറ്റുകൾക്കെതിരെ പരാതി ഉയർന്നിരുന്നു.

ഹയർസെക്കണ്ടറി പരീക്ഷാ ചോദ്യപേപ്പറുകളിലാണ് അക്ഷരത്തെറ്റുകളുണ്ടായത്. ബയോളജി, ഇക്കണോമിക്സ്, കെമിസ്ട്രി എന്നീ പരീക്ഷകളുടെ മലയാളത്തിലുള്ള ചോദ്യപേപ്പറുകളിലാണ് അക്ഷരത്തെറ്റുകൾ. പ്ലസ്ടു മലയാളം ചോദ്യപേപ്പറുകളിൽ വ്യാപകമായ അക്ഷരത്തെറ്റുകളുണ്ടായിരുന്നു. പ്ലസ് വൺ ബയോളജി, കെമിസ്ട്രി പരീക്ഷകളുടെ മലയാളത്തിലുള്ള ചോദ്യങ്ങളിലും സര്‍വത്ര അക്ഷരത്തെറ്റ്. ബയോളജിയുടെ ചോദ്യപേപ്പറിൽ മാത്രം 14 തെറ്റുകളാണുണ്ടായിരുന്നത്. അവായൂ ശ്വസനം എന്നതിന് പകരം ചോദ്യപേപ്പറിൽ ആ വായൂ ശ്വസനം എന്നായിരുന്നു ഉണ്ടായിരുന്നത്.

പ്ലസ് ടു ഇക്കണോമിക്സ് ചോദ്യപേപ്പറിൽ വരുമാനം കുറയുന്നു എന്നതിന് പകരം അച്ചടിച്ചിരിക്കുന്നത് വരുമാനം കരയുന്നു എന്ന്. ചോദ്യം തയ്യാറാക്കുന്നതിലും പ്രൂഫ് റീഡിങ്ങിലും വന്ന ഗുരുതര വീഴ്ച്ചയാണ് ഇത്തരത്തിൽ തെറ്റുകൾ ആവർത്തിക്കാൻ കാരണമെന്നാണ് അധ്യാപകർ പറയുന്നു. സംഭവത്തില്‍ മന്ത്രി ഇപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button