Uncategorized

കുറുപ്പംപടി പോക്സോ കേസ്; കുട്ടികള്‍ ആഘാതത്തിൽ നിന്ന് മോചിതരായിട്ടില്ല, രണ്ടാം ഘട്ട കൗണ്‍സിലിങ് നൽകും

എറണാകുളം: എറണാകുളം കുറുപ്പംപടിയിലെ പോക്സോ കേസിലെ ഇരകളായ കുട്ടികള്‍ സിഡബ്ല്യുസിയുടെ സംരക്ഷണത്തിലാണുള്ളതെന്നും കുട്ടികള്‍ക്ക് ആദ്യഘട്ട കൗണ്‍സിലിങ് നൽകിയെന്നും സിഡബ്ല്യുസി ചെയര്‍പേഴ്സണ്‍ വിന്‍സെന്‍റ് ജോസഫ്. ചില കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്. അതിനാൽ തന്നെ രണ്ടാം ഘട്ട കൗണ്‍സിലിങ് നൽകുകയാണ്. കുട്ടികള്‍ സംഭവത്തിന്‍റെ ആഘാതത്തിൽ നിന്ന് പൂര്‍ണമായും മോചിതരായിട്ടില്ല. കുട്ടികള്‍ക്ക് മറ്റു ശാരീരിക പ്രശ്നങ്ങളൊന്നുമില്ല. കൗണ്‍സിലിങിനുശേഷം കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരുമെന്നും വിന്‍സെന്‍റ് ജോസഫ് പറഞ്ഞു.

അതേസമയം, എറണാകുളം കുറുപ്പംപടിയിൽ സഹോദരിമാരെ പീഡിപ്പിച്ച കേസിൽ പ്രതി ധനേഷിനെ അന്വേഷണ സംഘം കസ്റ്റഡിയിൽ ആവശ്യപ്പെടും. റിമാൻഡിലുള്ള ധനേഷിനെ വിശദമായി ചോദ്യം ചെയ്യാനാണ് നീക്കം. പീഡനവിവരം മറച്ചുവച്ചതിനും മദ്യം കഴിക്കാൻ പ്രേരിപ്പിച്ചതിനും കുട്ടികളുടെ അമ്മയ്ക്കെതിരെ ഇന്നലെ കേസെടുത്തിരുന്നു. പെൺകുട്ടികളെ പീഡിപ്പിച്ചത് അമ്മയുടെ അറിവോടെയും സമ്മതത്തോടെയുമാണെന്നാണ് ധനേഷിന്‍റെ മൊഴി. കുട്ടികളുടെയും സ്കൂൾ അധ്യാപികയുടെയും മൊഴികളും അമ്മയുടെ അറസ്റ്റിൽ നിർണായമായി.

പത്തും പന്ത്രണ്ടും വയസുള്ള പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് കുട്ടികളുടെ അമ്മയുടെ സുഹൃത്തായ ടാക്സി ഡ്രൈവറെ കഴി‍ഞ്ഞ ദിവസമാണ് കുറുപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടികളുടെ അമ്മയുമായി ഉണ്ടായിരുന്ന സൗഹൃദം മുതലെടുത്തായിരുന്നു പീഡനം. പെണ്‍കുട്ടികളുടെ സുഹൃത്തുക്കളെയും ദുരുപയോഗം ചെയ്യാനുള്ള പ്രതിയുടെ ശ്രമമാണ് പീഡന വിവരം പുറത്തറിയാന്‍ കാരണമായത്. പെണ്‍കുട്ടികളുടെ പിതാവ് മരിച്ചതിനുശേഷമാണ് കുട്ടികളുടെ അമ്മയുമായി പ്രതി ബന്ധമുണ്ടാക്കിയത്. രണ്ടാനച്ഛന്‍ എന്ന നിലയിലുളള സ്വാതന്ത്ര്യം മുതലെടുത്താണ് പെണ്‍കുട്ടികളെ പ്രതി ദുരുപയോഗം ചെയ്തത്.

അടിക്കടി വീട്ടില്‍ വന്നിരുന്ന പ്രതി പെണ്‍കുട്ടികളെ രണ്ട് വര്‍ഷത്തോളം ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് പൊലീസ് കണ്ടെത്തല്‍. പെണ്‍കുട്ടികളുടെ സഹപാഠികളായ മറ്റ് കുട്ടികളെയും ദുരുപയോഗം ചെയ്യാനുളള ശ്രമമാണ് പ്രതിയെ കുടുക്കിയത്. ഇക്കാര്യം മനസിലാക്കിയ സ്കൂളിലെ അധ്യാപികയാണ് പൊലീസിനെ സമീപിച്ചത്. പെൺകുട്ടികളെ ശിശുക്ഷേമ സമിതിയുടെ ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button