Uncategorized

സഹോദരിക്കൊപ്പം കളിക്കുന്നതിനിടെ തുറന്നുകിടന്ന ഓടയിൽ വീണു; മൂന്ന് വയസുകാരന് ദാരുണാന്ത്യം

ന്യൂ ഡൽഹി: വീടിന്റെ പരിസരത്ത് സഹോദരിക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ ഓടയിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചു. നോർത്ത് ഈസ്റ്റ് ഡൽഹിയിലെ ഖജൂരി ഖാസ് മേഖലയിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. വിശ്വജിത്ത് കുമാർ (3) ആണ് മരിച്ചത്. എട്ട് വയസുകാരിയായ മൂത്ത സഹോദരിക്കൊപ്പം വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയായിരുന്നു ദാരുണമായ അപകടം.

സ്വകാര്യ സ്ഥാപനത്തിൽ പ്യൂണായി ജോലി ചെയ്യുന്ന രാംവിലാസ് സിങ് എന്നയാളുടെ മകനാണ് മരിച്ചത്. കുട്ടികളുടെ അമ്മ വീട്ടിലുണ്ടായിരുന്നു. ജോലിസ്ഥലത്തായിരുന്ന തന്നോട് ഒരു ബന്ധു വിളിച്ച് മകൻ മരിച്ച വിവരം അറിയിക്കുകയായിരുന്നു എന്നാണ് രാംവിലാസ് സിങ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞത്. ഉച്ചയ്ക്ക് 1.40നാണ് അപകടം സംബന്ധിച്ച് വിവരം ലഭിച്ചതെന്ന് പൊലീസ് പറ‌ഞ്ഞു. തുറന്നുകിടന്ന ഓടയിൽ കുട്ടി വീണുവെന്നാണ് അവിടെയെത്തിയപ്പോൾ മനസിലായത്. കുട്ടിയെ പുറത്തെടുത്ത് ഉടൻ തന്നെ ജെപിസി ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ അവിടെ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.

ജലസേചന വകുപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് അപകടം സംഭവിച്ച ഓടയെന്ന് നാട്ടുകാർ പറയുന്നു. ദീർഘകാലമായി തുറന്നുകിടക്കുകയായിരുന്നു ഇത്. മാലിന്യങ്ങൾ നിറഞ്ഞുകിടന്ന ഓട മൂടണമെന്ന് പലതവണ നാട്ടുകാർ ആവശ്യപ്പെട്ടിട്ടും അധികൃതർ അതിന് തയ്യാറായില്ലെന്നും പരാതിയുണ്ട്. അതേസമയം ജലസേചന വകുപ്പ് അധികൃതർ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button