വയനാട് പുനരധിവാസം; സംസ്ഥാനത്തിന്റെ ഫണ്ട് വിനിയോഗ കാലാവധി നീട്ടി കേന്ദ്ര സർക്കാർ

മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടൽ പുനരധിവാസത്തിൽ സംസ്ഥാനത്തിന്റെ ഫണ്ട് വിനിയോഗ കാലാവധി നീട്ടി കേന്ദ്ര സർക്കാർ. ഈ വർഷം ഡിസംബർ 31 വരെ ഉപാധികളോടെയാണ് കേന്ദ്രം കാലാവധി നീട്ടിയത്. ഉപാധികളിൽ കേന്ദ്രം വ്യക്തത വരുത്തണമെന്നും കലക്കവെള്ളത്തിൽ മീൻ പിടിക്കരുതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
കേന്ദ്രത്തിന്റെ ഉപാധികളെന്തെന്ന് വ്യക്തത വരുത്താത്തതിൽ ഹൈക്കോടതി വിമർശിച്ചു. ഡൽഹിയിലുള്ള ഉദ്യോഗസ്ഥൻ കോടതിയുടെ മുകളിലാണെന്നാണോ കരുതുന്നതെന്ന് കോടതി ചോദിച്ചു. ചുമതലയുള്ള ഉദ്യോഗസ്ഥനെ അടുത്ത ഫ്‌ളൈറ്റിൽ ഇവിടെ എത്തിക്കാൻ കഴിയുമെന്നും ഹൈക്കോടതി പറഞ്ഞു. സമയ പരിധി നീട്ടിയതിൽ വ്യക്തവരുത്തി തിങ്കളാഴ്ച്ച കേന്ദ്രം സത്യവാങ്മൂലം സമർപ്പിക്കണമെന്ന് കോടതി നിർദേശിച്ചു. ബാങ്ക് ഓഫ് ബറോഡ വായ്പ്പാ തിരിച്ചു പിടിക്കൽ നടപടി സ്വീകരിച്ചെന്ന ആക്ഷേപത്തിൽ കേന്ദ്രം മറുപടി നൽകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. വായ്പ എഴുതിത്തള്ളൽ കേന്ദ്രം തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.