Uncategorized

സൗദിയിൽ പേമാരി, വാഹനം ഒലിച്ചുപോയി ഒരു മരണം, മൃതദേഹം കണ്ടെടുത്തത് അണക്കെട്ടിൽ നിന്ന്

റിയാദ്: സൗദി അറേബ്യയിലെ കനത്ത മഴയിൽ ഒരു മരണം. രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറൻ മേഖലയിലെ തനോമ ​ഗവർണറേറ്റിലുണ്ടായ വെള്ളപ്പൊക്കത്തിലാണ് മരണം റിപ്പോർട്ട് ചെയ്തത്. മൂന്നു പേരെ രക്ഷപ്പെടുത്തി. പ്രദേശത്ത് വെള്ളപ്പൊക്കമുണ്ടായതിനെ തുടർന്ന് ഇവർ സഞ്ചരിച്ചിരുന്ന വാഹനം മുങ്ങിപ്പോവുകയായിരുന്നു. തനോമ ​ഗവർണറേറ്റിന് കിഴക്ക് ഭാ​ഗത്തായുള്ള വാദിയിലാണ് കനത്ത മഴയെ തുടർന്ന് വെള്ളമുയർന്നത്.

സൗദി സിവിൽ ഡിഫൻസ് അധികൃതരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. മണിക്കൂറുകൾ നീണ്ട തിരച്ചിലുകൾക്കൊടുവിലാണ് മരിച്ചയാളുടെ മൃതദേഹം കണ്ടെത്താനായത്. താഴ്വാര പ്രദേശത്ത് രക്ഷാ പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും സമ​ഗ്രമായ തിരച്ചിൽ നടത്തിയെങ്കിലും തനുമയിലെ വാദി തർജ് അണക്കെട്ടിൽ നിന്നുമാണ് മൃതദേഹം കണ്ടെടുത്തത്. രക്ഷപെടുത്തിയ മൂന്നു പേരുടെയും നില തൃപ്തികരമാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സൗദി അറേബ്യയിൽ ദിവസങ്ങളായി കനത്ത മഴയാണ് അനുഭവപ്പെടുന്നത്. മക്ക മേഖലകളിലുൾപ്പടെ എല്ലാ മഴ ബാധിത പ്രദേശങ്ങളിലും കാലാവസ്ഥ കേന്ദ്രം ജാ​ഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കനത്ത മഴയിൽ വെള്ളക്കെട്ടുകൾ രൂപപ്പെടുമെന്നും ഉയർന്ന പ്രദേശങ്ങളിൽ ആലിപ്പഴ വീഴ്ചക്ക് സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്. മധ്യ കിഴക്കൻ മേഖലകളിലും കിഴക്കൻ പ്രവിശ്യകളിലും മഴയുണ്ടാകും. കൂടാതെ, ഖാസിം, റിയാദിന്റെ പല ഭാ​ഗങ്ങൾ എന്നിവിടങ്ങളിലും ഇടത്തരം മുതൽ ശക്തിയേറിയ മഴ വരെ അനുഭവപ്പെടാനും സാധ്യതയുണ്ട്. അൽ ബഹ, അസിർ, നജ് രാൻ, ജസാൻ എന്നിവിടങ്ങളിലും മഴയും ആലിപ്പഴ വീഴ്ചയും ഉണ്ടാകും. എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലും താഴ്വരകളിലും പോകരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button