ആശ വര്‍ക്കര്‍മാരുടെ സമരം തള്ളി സര്‍ക്കാര്‍; സർക്കാരിന് പുച്ഛമെന്ന് പ്രതിപക്ഷം, സഭയിൽ നിന്ന് ഇറങ്ങിപ്പോയി

തിരുവനന്തപുരം : ഓണറേറിയം വര്‍ധന ആവശ്യപ്പെട്ടുള്ള ആശ വര്‍ക്കാര്‍മാരുടെ സമരത്തെ വീണ്ടും തള്ളി സര്‍ക്കാര്‍. സമരം തീരാതിരിക്കാൻ കാരണം സമരക്കാരുടെ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പിടിവാശിയാണെന്ന് പ്രതിപക്ഷ നേതാവിന്‍റെ സബ്മിഷന് മുഖ്യമന്ത്രിക്ക് വേണ്ടി നിയമസഭയിൽ മറുപടി പറഞ്ഞ മന്ത്രി എംബി രാജേഷ് വിമര്‍ശിച്ചു. കേന്ദ്രത്തെ സഹായിക്കുന്ന സമരമെന്നും മന്ത്രി ആരോപിച്ചു. ഇതോടെ സര്‍ക്കാര്‍ സമീപനത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
സെക്രട്ടറിയേറ്റ് നടയിൽ നിരാഹാര സമരം തുടരുന്ന ആശാ വര്‍ക്കര്‍മാര്‍ക്ക് വഴങ്ങാൻ ഇല്ലെന്ന് നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സർക്കാർ. എന്നാൽ പിടിവാശി സർക്കാരിനല്ല, സമരക്കാർക്കാണെന്നാണ് മന്ത്രി എം ബി രാജേഷിന്റെ വാദം. ഇൻസെന്റീവ് വിഹിതം കൃത്യമായി കേന്ദ്രം നൽകുന്നില്ല. ഇൻസെന്റീവ് കൂട്ടുന്നതിൽ ഉറപ്പും നൽകുന്നില്ല. ആശാവർക്കർമാരെ ജീവനക്കാരായി അംഗീകരിക്കാനും കേന്ദ്രം ഒരുക്കമല്ല. ഇതിനെയൊന്നും എതിര്‍ക്കാത്ത സമരം കേന്ദ്രത്തെ സഹായിക്കുന്നതാണെന്നും മന്ത്രിയുടെ ആരോപണം.