Uncategorized

യുഎഇയില്‍ പിടിയിലായ കെൻസ ഹോള്‍ഡിങ്സ് ഉടമ ഷിഹാബ് ഷായെ നാട്ടിലെത്തിക്കണം: വയനാട്ടിൽ തട്ടിപ്പിന് ഇരയായവർ

കൽപ്പറ്റ: തട്ടിപ്പ് കേസില്‍ യുഎഇയില്‍ പിടിയിലായ കെൻസ ഹോള്‍ഡിങ്സ് ഉടമ ഷിഹാബ് ഷായ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് കേരളത്തില്‍ തട്ടിപ്പിന് ഇരയായവർ. ഇന്‍റർപോള്‍ വഴി ഷിഹാബിനെ വിട്ടുകിട്ടാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം. വയനാട്ടിലെ കേസുകളില്‍ ഷിഹാബ് ഷായ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

വയനാട്ടില്‍ അ‍ഞ്ച് കേസുകളില്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കെയാണ് ഷിഹാബ് ഷാ ജയിലില്‍ ആകുന്നത്. കെൻസ ഹോള്‍ഡിങ്സ് ,കെൻസ വെല്‍ൻസ് എന്നീ പേരുകളില്‍ ആഡംബര വില്ലകളും റിസോർട്ടും ആശുപത്രിയും നിര്‍മിക്കുമെന്ന് വാഗ്ദാനം ചെയ്ത് ഷിഹാബ് കോടികള്‍ നിക്ഷേപം സ്വീകരിച്ചു. വയനാട് ബാണാസുര സാഗറില്‍ പകുതി പണിത കെട്ടിടങ്ങള്‍ കാണിച്ചും വിവിധയാളുകളെ തട്ടിപ്പിന് ഇരയാക്കി. വിദേശ മലയാളികളാണ് ഷിഹാബ് ഷായുടെ കെൻസ പ്രോജക്ടുകളില്‍ കൂടുതല്‍ നിക്ഷേപം നടത്തിയത്. വയനാടിന് പുറമെ ഇടുക്കിയിലും ഇയാളുടെ തട്ടിപ്പ് നടന്നു.2015-ലാണ് ബാണാസുര സാഗർ ഡാമിന് സമീപത്ത് റോയൽ മെഡോസ് എന്ന ടൂറിസം പദ്ധതി പ്രഖ്യാപിച്ച് നിക്ഷേപം സ്വീകരിക്കുന്നത്. ഡാമിന് സമീപത്ത് വില്ലകൾ പണിത് കമ്പനി തന്നെ വാടകക്കെടുത്ത് നിക്ഷേപകർക്ക് വാടക നല്‍കുമെന്നായിരുന്നു വാഗ്ദാനം. ഈ പ്രോജക്ട് ഒഴിവാക്കി പിന്നീട് ആയുർവേദ ആശുപത്രി പ്രഖ്യാപിച്ചു. അതും നടന്നില്ല. ഇപ്പോള്‍ യുഎഇയില്‍ പിടിയിലായ സാഹചര്യത്തില്‍ ഇയാളെ കേരളത്തിലെ കേസുകള്‍ക്കായി വിട്ടുകിട്ടാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് തട്ടിപ്പിന് ഇരയായവരുടെ അഭിഭാഷകൻ പറഞ്ഞു.

പടിഞ്ഞാറത്തറ പൊലീസിന്‍റെ അന്വേഷണത്തിന് ആദ്യഘട്ടത്തില്‍ വലിയ വിമർശനങ്ങള്‍ ‌ഉയർന്നിരുന്നു. കേസ് പിന്നീട് ക്രൈംബ്രാഞ്ചാണ് ഏറ്റെടുത്തത്. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും തട്ടിപ്പിന് ഇരയായവർ പരാതികള്‍ നല്‍കിയിരുന്നു. ലുക്ക് ഔട്ട് നോട്ടീസ് വന്നതോടെ വിദേശത്തേക്ക് മുങ്ങിയ ഷിഹാബ് ഷാ പിന്നീട് കേരളത്തിലേക്ക് വന്നിട്ടില്ല. ദുബായ് , ഷാർജ , അജ്മാൻ അബുദാബി, ജോർജിയ അടക്കമുള്ള രാജ്യങ്ങളില് ഷിഹാബ് ഷാ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button