കണ്ണൂർ കൊലപാതകം; മരണ കാരണം നെഞ്ചിലേറ്റ ഒരൊറ്റ വെടി; സന്തോഷ് ഫോണിൽ ഭീഷണി മുഴക്കുന്നത് പതിവ്

കണ്ണൂർ കൈതപ്രത്ത് 49കാരനെ വെടിവെച്ചു കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പോയിന്റ് ബ്ളാങ്കിൽ നിന്നാണ് രാധാകൃഷ്ണന് നേരെ പ്രതി സന്തോഷ് വെടിയുതിർത്തത്. നെഞ്ചിലേറ്റ ഒരൊറ്റ വെടിയാണ് രാധാകൃഷ്ണന്റെ മരണ കാരണം. മുഖാമുഖം നിന്ന് വെടിയുതിർക്കുകയായിരുന്നു.രാധാകൃഷ്ണന്റെ ഭാര്യമതാവിനായി നിർമിക്കുന്ന വീട്ടിലാണ് കൊലപാതകം നടന്നത്. വീട് നിർമാണവുമായി ബന്ധപ്പെട്ട് നേരത്തെ തർക്കമുണ്ടായിരുന്നു. കൂടാതെ ഫോണിൽ ഭീഷണി മുഴക്കുന്നത് പതിവായിരുന്നെന്ന് പോലീസ് പറയുന്നു. ഇന്ന് വൈകിട്ട് ആറു മണിക്ക് ശേഷം ഇരുവരും നിർമാണത്തിലിരുന്ന വീട്ടിലേക്ക് എത്തുകയായിരുന്നു. ഇവിടെവെച്ച് നടന്ന തർക്കത്തിനൊടുവിൽ രാധാകൃഷ്ണന് നേർക്ക് സന്തോഷ് നിറയൊഴിക്കുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് കണ്ടെത്താനായിട്ടില്ല.
കൊലപാതക സമയം പ്രതി മദ്യ ലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു. തോക്കിന് ലൈസൻസുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. ഇയാൾ നേരത്തെയും നാടൻ തോക്ക് ഉപയോഗിക്കുമായിരുന്നുവെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കൊലപാതക കാരണം അറിയാൻ കഴിയുമെന്നാണ് പൊലീസ് അറിയിക്കുന്നത്.