കോഴിക്കോട് ഇങ്ങനെയൊന്ന് ആദ്യം; മയക്കുമരുന്ന് കേസില്‍ കരുതല്‍ തടങ്കല്‍ നിയമപ്രകാരം യുവാവ് അറസ്റ്റിൽ

കോഴിക്കോട്: ജില്ലയില്‍ ആദ്യമായി മയക്കുമരുന്ന് കേസില്‍ കരുതല്‍ തടങ്കല്‍ നിയമപ്രകാരം അറസ്റ്റ്. നാദാപുരം ചെക്യാട് സ്വദേശി നംഷിദി (38) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഇയാളെ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. കരുതല്‍ തടങ്കല്‍ നിയമപ്രകാരം നംഷിദിന് ഒരു വര്‍ഷം ജയിലില്‍ കഴിയേണ്ടിവരും. ചെന്നൈയിലെ നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ റീജ്യണല്‍ ഓഫീസില്‍ നിന്നുള്ള ഉത്തരവ് പ്രകാരമാണ് ശിക്ഷാ നടപടി.
വളയം, നാദാപുരം പൊലീസ് സ്‌റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ നാല് മയക്കുമരുന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാള്‍ തുടര്‍ച്ചയായി ലഹരി വില്‍പ്പന ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായതോടെയാണ് കേന്ദ്ര നിയമപ്രകാരമുള്ള കരുതല്‍ തടവിന് നടപടി സ്വീകരിച്ചത്. കോഴിക്കോട് ജില്ലയില്‍ ഈ വകുപ്പ് പ്രകാരം നടപടിക്ക് വിധേയനായ ആദ്യ പ്രതിയാണ് നംഷിദ് എന്നാണ് ലഭിക്കുന്ന വിവരം.