മുതുമല വനത്തിലൂടെ വൈദ്യുത കേബിള്‍ ശൃംഖല; വന്യമൃഗങ്ങള്‍ക്ക് വൈദ്യുതി ആഘാതമേല്‍ക്കുമെന്ന ആശങ്കയൊഴിയുന്നു

സുല്‍ത്താന്‍ബത്തേരി: വനത്തിലൂടെ സാധാരണ കമ്പികള്‍ ഉപയോഗിച്ച് വൈദ്യുതി കൊണ്ടുപോകുകയെന്നത് എല്ലാ കാലത്തും വെല്ലുവിളി നിറഞ്ഞതാണ്. വന്യമൃഗങ്ങള്‍ വ്യാപകമായി ജനവാസ പ്രദേശങ്ങളിലേക്ക് എത്താന്‍ തുടങ്ങിയതോടെ അവയുടെ ജീവന് തന്നെ വെല്ലുവിളിയായത് കണക്കിലെടുത്ത് വനപ്രദേശങ്ങളിലൂടെ വൈദ്യുതി കൊണ്ടുപോകാന്‍ നൂതന മാര്‍ഗ്ഗം നടപ്പാക്കുകയാണ് തമിഴ്‌നാട്. മുത്തങ്ങയടക്കമുള്ള വനപ്രദേശങ്ങളില്‍ കേരളം കേബിള്‍ വഴി വൈദ്യുതി കൊണ്ടുപോകുന്ന പദ്ധതി നേരത്തെ തന്നെ നടപ്പാക്കിയിട്ടുണ്ട്. ഇതേ മാതൃകയിലാണ് ഇപ്പോള്‍ തുറപ്പള്ളിയില്‍ നിന്നും മുതുമല വരെ വനത്തിലൂടെ കേബിള്‍ സ്ഥാപിക്കുന്ന പദ്ധതിക്ക് കഴിഞ്ഞ ദിവസം തുടക്കമായത്.
കാട്ടാന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ട് തമിഴ്‌നാട് വനം വകുപ്പ് അഞ്ചുകോടി രൂപയാണ് കേബിള്‍ സ്ഥാപിക്കാനായി വൈദ്യുതി വകുപ്പിന് നല്‍കിയിരിക്കുന്നത്. ഗൂഡല്ലൂരിനടുത്ത തുറപ്പള്ളിയില്‍ നിന്ന് മുതുമല തെപ്പക്കാട് വരെ പതിനൊന്ന് കിലോമീറ്റര്‍ ദൂരത്തില്‍ 30 അടി ഉയരമുള്ള 580 ഇരുമ്പുകമ്പികള്‍ ഇതിനകം തന്നെ വനത്തില്‍ സ്ഥാപിച്ച് കഴിഞ്ഞിട്ടുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് എന്‍ജിനീയര്‍ ശേഖര്‍ നിര്‍വ്വഹിച്ചു.