വലിയ ചാക്കുമായി ബൈക്കിൽ പോകുന്ന യുവതിയും കാമുകനും സിസിടിവി ദൃശ്യങ്ങളിൽ; ചുരുളഴിഞ്ഞത് ഭർത്താവിന്റെ കൊലപാതകം

ജയ്പൂർ: അവിഹിത ബന്ധം എതിർത്ത ഭർത്താവിനെ യുവതിയും കാമുകനും ചേർന്ന് തലയ്ക്കടിച്ച് കൊന്നു. തുടർന്ന് തെളിവ് നശിപ്പിക്കാൻ മൃതദേഹം ചാക്കിലാക്കി വനമേഖലയിൽ കൊണ്ടുപോയി കത്തിച്ചു. എന്നാൽ പദ്ധതികളെല്ലാം പാതിവഴിയിൽ പാളിയതോടെ രണ്ട് പേരും പിടിയിലായി. ജയ്പൂരിൽ നടന്ന കൊലപാതകത്തിന്റെ വിവരങ്ങളാണ് പൊലീസ് നടത്തിയ അന്വേഷണത്തിൽ ചുരളഴിഞ്ഞത്.
പച്ചക്കറി വിൽപനക്കാരനായ ധന്നലാൽ സൈനിയാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ ഗോപാലി ദേവിക്ക് ദീൻദയാൽ എന്നൊരാളുമായി അഞ്ച് വർഷത്തെ അടുപ്പമുണ്ടായിരുന്നു. താൻ ഒരു ഫാക്ടറിയിൽ ജോലി ചെയ്യുന്നു എന്ന് പറഞ്ഞ് യുവതി വീട്ടിൽ നിന്ന് പോകുമായിരുന്നെങ്കിലും സംശയം തോന്നിയ ധന്നലാൽ ഒരു ദിവസം ഇവരെ രഹസ്യമായി പിന്തുടർന്നു. ജോലി സ്ഥലത്തേക്കെന്ന് പറഞ്ഞ് പോകുന്ന യുവതി, കാമുകൻ ജോലി ചെയ്യുന്ന തുണി കടയിലേക്കാണ് പോകുന്നതെന്ന് ഭർത്താവ് കണ്ടെത്തി. അവിടെ എന്ത് ജോലിയാണ് ചെയ്യുന്നത് എന്ന് അന്വേഷിക്കാൻ കയറിച്ചെന്നപ്പോൾ യുവതിയെയും കാമുകനെയും കണ്ടതോടെ കുപിതനായി.