Uncategorized

ട്രെയിൻ വഴിയുള്ള ലഹരിക്കടത്തിൽ വൻവർധന; പരിശോധന കർശനമാക്കി റെയിൽവെ

കോഴിക്കോട്: ട്രെയിൻ വഴിയുള്ള ലഹരിക്കടത്തിൽ വൻവർധന. 2025-ൽ റെക്കോർഡ് ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്. 2024-ൽ ഒരു വർഷം പിടിച്ചെടുത്തത് 559 കിലോഗ്രാം ലഹരി വസ്തുക്കളാണ്. 2025-ൽ രണ്ടുമാസം കൊണ്ട് 421.87 കിലോഗ്രാം ലഹരിവസ്തുക്കൾ പിടിച്ചെടുത്തു. 2024-ൽ മാത്രം പിടിച്ചെടുത്തത് 2,85,49,929 രൂപയുടെ ലഹരിയാണ്. 2025ൽ ഇതുവരെ 2,16,29, 100 രൂപയുടെ ലഹരിവസ്തുക്കൾ പിടിച്ചെടുത്തു. 2024-ൽ അറസ്റ്റ് ചെയ്തത് 55 ലഹരിക്കടത്തുകാരെയാണ്. ഈ വർഷം രണ്ടുമാസത്തിനിടെ 31 പേരെയാണ് പിടികൂടിയത്. ട്രെയിനിൽ പരിശോധന കർശനമാക്കിയെന്ന് റെയിൽവെ വ്യക്തമാക്കി.

അതേസമയം 2025ൽ കൊച്ചിയിൽ ഇതുവരെ നടന്നത് റെക്കോർഡ് ലഹരിവേട്ടയാണ്. മാർച്ച് തികയും മുൻപ് കൊച്ചിയിൽ രജിസ്റ്റർ ചെയ്തത് 642 കേസുകളാണ്. 721 പേരാണ് ഇതുവരെ അറസ്റ്റിലായത്. മൂന്ന് മാസത്തിനുള്ളിൽ കൊച്ചിയിൽ പിടികൂടിയത് 656.63 ഗ്രാം എംഡിഎംഎയാണ്. 2025 മാർച്ച് 17 ആകുമ്പോഴേക്കും 133 കിലോഗ്രാം കഞ്ചാവും കൊച്ചിയിൽ പിടികൂടിയിട്ടുണ്ട്. 2024ൽ ആകെ രജിസ്റ്റർ ചെയ്ത കേസുകളുടെയും പിടിച്ചെടുത്ത മയക്കുമരുന്നിന്റെയും കണക്കുകൾ കൂടി പരിശോധിക്കുമ്പോഴാണ് 2025ൻ്റെ ആദ്യപാദം പിന്നിടുന്നതിന് മുൻപേ കൊച്ചിയിൽ നടന്ന ലഹരിവേട്ടയുടെ യഥാർഥ ചിത്രം വ്യക്തമാവുക.

2024ൽ നാർകോട്ടിക്‌സ് വിഭാഗം പിടിച്ചെടുത്തത് 333.51 കിലോഗ്രാം കഞ്ചാവാണ്. എന്നാൽ, 2025 മാർച്ച് 17 ആകുമ്പോഴേക്കും 133 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്. കഞ്ചാവ് വേട്ട ഈ രീതിയിൽ മുന്നോട്ടുപോവുകയാണെങ്കിൽ 2025ൽ മൊത്തം പിടിച്ചെടുക്കുന്ന കഞ്ചാവിന്റെ അളവ് 2024ൽ പിടിച്ചെടുത്തതിന്റെ ഇരട്ടിയാകുമെന്ന് വേണം വിലയിരുത്താൻ. രജിസ്റ്റർ ചെയ്തത് 2475 കേസുകളാണ്, 2793 പേരെ അറസ്റ്റ് ചെയ്തു. ഈ വർഷം മാർച്ച് പകുതിയാകുമ്പോഴേക്കും അത് യഥാക്രമം 642-ഉം 721-ഉം ആണ്. കൊച്ചിയെ ലഹരി പിടിമുറുക്കുന്നതിൻ്റെ ഞെട്ടിക്കുന്ന താരതമ്യമാണ് ഈ കണക്കുകൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button