‘ജീവിക്കാൻ അർഹതയില്ല, തൂക്കിലേറ്റണം’; ഭർത്താവിനെ കൊന്ന് ഡ്രമ്മിൽ ഒളിപ്പിച്ച യുവതിയെ തള്ളിപ്പറഞ്ഞ് മാതാപിതാക്കൾ

മീററ്റ്: മർച്ചന്‍റ് നേവി ഉദ്യോഗസ്ഥനായ ഭർത്താവിനെ കൊലപ്പെടുത്തിയ മുസ്കാൻ റസ്തോഗിയെ തൂക്കിലേറ്റണമെന്ന് യുവതിയുടെ മാതാപിതാക്കൾ. മകൾക്ക് ജീവിക്കാൻ അർഹതയില്ലെന്നും തൂക്കിലേറ്റണമെന്നും മുസ്കാന്‍റെ അച്ഛൻ പ്രമോദ് റസ്തോഗി പ്രതികരിച്ചു. മയക്കുമരുന്ന് ഉപയോഗിക്കുന്നത് ഭർത്താവ് സൗരഭ് രജ്പുത് തടഞ്ഞതിനാലാണ് കൊലപ്പെടുത്തിയതെന്ന് മകൾ കുറ്റസമ്മതം നടത്തിയെന്നും അച്ഛൻ പറഞ്ഞു. കാമുകൻ സാഹിൽ ശുക്ലയുടെ സഹായത്തോടെയാണ് മുസ്കാൻ ഭർത്താവിനെ കൊലപ്പെടുത്തിയത്.
മയക്കുമരുന്ന് ഇല്ലാതെ ജീവിക്കാൻ കഴിയില്ലെന്ന് മുസ്കാൻ തന്നോട് പറഞ്ഞെന്നും പ്രമോദ് റസ്‌തോഗി വെളിപ്പെടുത്തി. സൌരഭ് രണ്ട് വർഷം മുൻപ് ലണ്ടനിൽ പോയതിന് ശേഷമാണ് മകൾ മയക്കുമരുന്ന് ഉപയോഗം തുടങ്ങിയത്. സാഹിൽ ആണ് മുസ്കാനെ മയക്കുമരുന്നിന് അടിമയാക്കിയതെന്നും അച്ഛൻ പറഞ്ഞു. സ്കൂളിൽ പഠിക്കുമ്പോൾ മുസ്കാന്‍റെ സഹപാഠിയായിരുന്നു സാഹിൽ. പിന്നീട് സോഷ്യൽ മീഡിയ വഴി ഇരുവരും പരിചയം പുതുക്കുകയായിരുന്നു. സൗരഭ് തനിക്ക് മകനെപ്പോലെയാണെന്ന് പറഞ്ഞ പ്രമോദ് റസ്തോഗി, തന്‍റെ മകൾക്ക് ഇനി ജീവിക്കാൻ അർഹതയില്ലെന്നും പറഞ്ഞു.