‘ലഹരിയിൽ സ്വയം മറന്നു’, ഒറ്റ ചവിട്ടിന് തകർത്തത് പൊലീസ് ജീപ്പിന്റെ ചില്ല്, മലപ്പുറത്ത് 30കാരൻ അറസ്റ്റിൽ

മലപ്പുറം: ലഹരിയില്‍ പൊലീസ് ജീപ്പിന്റെ ചില്ല് ചവിട്ടിത്തകര്‍ത്ത് യുവാവിന്റെ പരാക്രമം. കത്തി കാണിച്ചായിരുന്നു യുവാവിന്റെ ഭീഷണി. മലപ്പുറം അരീക്കോട് ഇന്നലെ രാത്രിയിലായിരുന്നു സംഭവം അരങ്ങേറിയത്. സംഭവത്തിൽ അരീക്കോട് കിണറടപ്പ് സ്വദേശി നിയാസി(30)നെ പൊലീസ് അറസ്റ്റ് ചെയ്തു. ലഹരിയില്‍ നാട്ടുകാരെ അക്രമിക്കാന്‍ ശ്രമിച്ചതോടെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കത്തി കാണിച്ച് യുവാവ് ഭീഷണിപ്പെടുത്തയായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നത്.
പിടിച്ചു നിര്‍ത്താന്‍ ശ്രമിച്ച നാട്ടുകാര്‍ക്കെതിരെയും യുവാവിന്റെ പരാക്രമണമുണ്ടായിരുന്നു. നാട്ടുകാര്‍ പൊലീസിൽ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി യുവാവിനെ തടയാന്‍ ശ്രമിച്ചു. തടയാന്‍ ശ്രമിച്ച പൊലീസുകാര്‍ക്ക് നേരെയും പ്രതിയുടെ കയ്യേറ്റ ശ്രമമുണ്ടായി. ഇതിനിടെയാണ് അരീക്കോട് പൊലീസിന്റെ ജീപ്പിന്റെ ചില്ല് തകര്‍ത്തത്. ബലം പ്രയോഗിച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. യുവാവ് സ്ഥിരമായി ലഹരി ഉപയോഗിച്ച് പ്രശ്‌നം ഉണ്ടാക്കുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു.