Uncategorized

രക്താർബുദത്തിന് കാർ ടി-സെൽ തെറാപ്പി; അഭിമാനകരമായ നേട്ടവുമായി മലബാർ കാൻസർ സെന്റർ

കണ്ണൂർ: രക്താർബുദത്തിനുള്ള അതിനൂതന ചികിത്സയായ കൈമറിക് ആന്റിജൻ റിസപ്റ്റർ ടി സെൽ (കാർ ടി-സെൽ) ചികിത്സയിൽ തലശ്ശേരിയിലെ മലബാർ കാൻസർ സെൻ്ററിന് അഭിമാനകരമായ നേട്ടം.

രാജ്യത്തുതന്നെ സർക്കാർതലത്തിൽ രണ്ടാമതായി കാർ ടി-സെൽ തെറാപ്പി ആരംഭിച്ചത് ഇവിടെയാണ്. അഞ്ച് രോഗികൾക്കാണ് കാർ ടി ചികിത്സയ്ക്ക് ആവശ്യമായ ടി-സെൽ ശേഖരണം നടത്തിയത്. ഇതിൽ മൂന്നുപേരുടെ ചികിത്സ പൂർത്തിയായി. അഞ്ചുപേരിൽ മൂന്നുപേർക്ക് ബി അക്യൂട്ട് ലിംഫോബ്ളാസ്റ്റിക് ലുക്കീമിയ എന്ന രോഗമായിരുന്നു. അതിൽതന്നെ ഒരാളുടെ അസുഖം മജ്ജമാറ്റിവക്കൽ ചികിത്സയ്ക്കുശേഷം തിരിച്ചുവന്ന അവസ്ഥയിലായിരുന്നു. 16, 19, 20 പ്രായത്തിലുള്ള രോഗികളായിരുന്നു ഇവരെല്ലാം. ബി നോൺ ഹോഡ്കിൻസ് ലിംഫോമ എന്ന രോഗമായിരുന്നു മറ്റ് രണ്ടുപേർക്കും.

രണ്ടുതരം അതിശക്തമായ കീമോതെറാപ്പി പരാജയപ്പെട്ട രോഗമായിരുന്നു. ഇവർക്കാണ് കാർ ടി ചികിത്സ സഹായകരമായത്.

രാജ്യത്തിന് അഭിമാനകരമായ നേട്ടം കൈവരിച്ച ഡയറക്‌ടർ ഉൾപ്പെടെയുള്ള എം.സി.സിയിലെ മുഴുവൻ ടീം അംഗങ്ങളെയും ആരോഗ്യമന്ത്രി അഭിനന്ദനം അറിയിച്ചു. പ്രതിരോധ കോശങ്ങൾകൊണ്ട് കാൻസറിനെ ചികിത്സിക്കുന്നതാണ് കാർ ടി-സെൽ തെറാപ്പി. മനുഷ്യശരീരത്തിലെ രോഗപ്രതിരോധം ഉറപ്പാക്കുന്ന വെളുത്ത രക്താണുക്കളാണ് ടി സെല്ലുകൾ. കാർ ടി-സെൽ ചികിത്സാരീതിയിൽ ഈ ലിംഫോസൈറ്റുകളെ രോഗിയിൽനിന്ന് ശേഖരിച്ചശേഷം അവയെ പ്രത്യേകം സജ്ജീകരിച്ച ലബോറട്ടറിയിൽ ജനിതകപരിഷ്കരണം നടത്തുന്നു.ജനിതകമാറ്റം വരുത്തിയ കോശങ്ങൾ രോഗിയിൽ തിരികെ പ്രവേശിപ്പിക്കുന്നു. ഇത് ട്യൂമർ കോശങ്ങളെ നശിപ്പിക്കുന്നു.

ആരോഗ്യമുള്ള കോശങ്ങളെ നശിപ്പിക്കാതെ കാർ ടി-സെല്ലുകൾ പ്രത്യേകമായി കാൻസർകോശങ്ങളെ നശിപ്പിക്കുന്നു. പരമ്പരാഗത കാൻസർചികിത്സകളെ അപേക്ഷിച്ച് കാർ ടി-സെൽ തെറാപ്പിക്ക് പാർശ്വഫലങ്ങൾ കുറവായിരിക്കും. കാർ ടി-സെൽ തെറാപ്പിയുടെ ആശുപത്രിവാസസമയം താരതമ്യേന കുറവാണ്. സാധാരണ നിലയിൽ 50 ലക്ഷത്തോളം രൂപ വരുന്ന ജനിതകപരിഷ്കരണമാണ് ‘പേഷ്യന്റ് അസിസ്റ്റൻസ് പ്രോഗ്രം’ വഴി 30 ലക്ഷം രൂപയ്ക്ക് ലഭ്യമാക്കിയത്.

സാധാരണക്കാർക്കും ലോകോത്തര അത്യാധുനിക ചികിത്സകൾ ലഭ്യമാക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്. ആരോഗ്യമന്ത്രി വീണാ ജോർജ് ആണ് റോബോട്ടിക് സർജറി, കാർ ടി-സെൽ തുടങ്ങിയ അത്യാധുനിക ചികിത്സകൾ സാധ്യമാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button