Uncategorized

വയനാട് ടൗൺഷിപ്പ്: എൽസ്റ്റോൺ എസ്റ്റേറ്റിൻ്റെ ഭൂമിക്ക് 26 കോടി നൽകും; 21 കുട്ടികൾക്ക് 10 ലക്ഷം വീതം നൽകും

തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന് ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. എൽസ്റ്റോൺ എസ്റ്റേറ്റിൽ നിന്ന് 64 ഹെക്ടർ ഭൂമിയിലേറെ പുനരധിവാസത്തിനായുള്ള ടൗൺഷിപ്പ് നിർമ്മിക്കാനാണ് ഏറ്റെടുക്കുന്നത്. 26.56 കോടി രൂപയാണ് എൽസ്റ്റോൺ എസ്റ്റേറ്റിന് നൽകുക. മാതാപിതാക്കളിൽ ഒരാളെയോ രണ്ട് പേരെയോ നഷ്ടമായവർക്കും 10 ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.

വൈത്തിരി താലൂക്ക് കൽപ്പറ്റ വില്ലേജിൽ ബ്ലോക്ക് 19 ൽ റീസർവ്വെ നമ്പർ 88/ 158, 88/159, 88/62 88/66, 88/137 എന്നിവയിൽപ്പെട്ട ഭൂമിയാണ് ഏറ്റെടുക്കുന്നത്. എൽസ്റ്റൺ എസ്റ്റേറ്റിൻ്റെ ഉടമസ്ഥതയിലുള്ള 64.4075 ഹെക്ടർ സ്ഥലമാണിത്. ഇതിന് വിശദവില വിവര റിപ്പോർട്ടിൽ പരാമർശിച്ച 26,56,10,769 രൂപ (ഇരുപത്തി ആറ് കോടി അൻപത്തിയാറ് ലക്ഷത്തി പതിനായിരത്തി എഴുന്നൂറ്റി അറുപത്തി ഒൻപത് രൂപ) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

കുട്ടികള്‍ക്ക് ധനസഹായം

മേപ്പാടി പഞ്ചായത്തിലെ ഉരുൾപൊട്ടലിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട 7 കുട്ടികൾക്കും മാതാപിതാക്കളിൽ ഒരാൾ മാത്രം നഷ്ടപ്പെട്ട 14 കുട്ടികൾക്കും പഠനാവശ്യത്തിനുവേണ്ടി മാത്രം 10 ലക്ഷം രൂപ വീതം അനുവദിക്കും. 18 വയസ്സുവരെ തുക പിൻവലിക്കാൻ കഴിയില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് ധനസഹായം. വനിതശിശു വികസന വകുപ്പ് അനുവദിച്ച ധനസഹായത്തിന് പുറമെയാണിത്. തുക ജില്ലാ കളക്ടറുടെ അക്കൗണ്ടിൽ നിക്ഷേപിച്ച് പ്രതിമാസ പലിശ ബന്ധപ്പെട്ട കുട്ടിയുടെ രക്ഷകർത്താവിന് ഓരോ മാസവും നൽകും.

വയനാട് ടൗൺഷിപ്പ് പദ്ധതികള്‍ക്കായി തസ്തികൾ

വയനാട് ടൗൺഷിപ്പ് പദ്ധതികളുടെ നടത്തിപ്പിനായി രൂപീകരിച്ച പദ്ധതി നിർവ്വഹണ യൂണിറ്റിൽ വിവിധ തസ്തികൾ അനുവദിച്ചു. അക്കൗണ്ട്സ് ഓഫീസർ, സിവിൽ എൻജിനീയർ എന്നീ തസ്തികകൾ സൃഷ്ടിക്കും. ഫിനാൻസ് & അക്കൗണ്ട്സ് ഓഫീസർ എന്ന തസ്തിക ഫിനാൻസ് ഓഫീസർ എന്ന് പുനർനാമകരണം ചെയ്യും. സ്റ്റാഫിന്റെ നിയമനം നടത്തുവാനുള്ള നടപടികൾ സ്വീകരിക്കുവാൻ വയനാട് ടൗൺഷിപ്പ് പ്രോജക്ട് സ്പെഷ്യൽ ഓഫീസർക്ക് അനുമതി നൽകും. പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റിന്റെ തലവനായി വയനാട് ടൗൺഷിപ്പ് പ്രോജക്ട് സ്പെഷ്യൽ ഓഫീസറെ ചുമതലപ്പെടുത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button