Uncategorized

മെർച്ചന്റ് നേവി ഉദ്യോ​ഗസ്ഥനെ ഭാര്യയും കാമുകനും കൊലപ്പെടുത്തി, മൃതദേഹം ഡ്രമ്മിൽ സിമന്റ് നിറച്ച് ഒളിപ്പിച്ചു

ദില്ലി: ഉത്തർപ്രദേശിൽ മേർച്ചന്റ് നേവി ഓഫീസറെ ഭാര്യയും പുരുഷ സുഹൃത്തും ചേർന്ന് കൊലപ്പെടുത്തി. മീററ്റിലാണ് സംഭവം. സൗരഭ് രജ്പുത് (29) എന്നയാളാണ് കൊല്ലപ്പെട്ടത്. മൃതദേഹം കഷ്ണങ്ങളാക്കിയ ശേഷം സിമന്റ്‌ ഡ്രമ്മിനുള്ളിൽ ഒളിപ്പിച്ചു. പ്രതികളായ ഭാര്യ മുസ്‌കൻ റസ്‌തോഗി (26), സാഹിൽ ശുക്ല (28) എന്നിവരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. മകളുടെയും ഭാര്യയുടെയും ജന്മദിനം ആഘോഷിക്കാൻ ലണ്ടനിൽ നിന്ന് നാട്ടിലേക്ക് എത്തിയതായിരുന്നു സൗരഭ്.
പ്രതികളായ മുസ്‌കാൻ റസ്‌തോഗിയും കാമുകൻ സാഹിൽ ശുക്ല എന്ന മോഹിത്തും സൗരഭ് രജ്പുതിനെ കൊലപ്പെടുത്തി കഷണങ്ങളാക്കി ശരീരഭാഗങ്ങൾ സിമന്റ് നിറച്ച ഡ്രമ്മിനുള്ളിൽ ഒളിപ്പിക്കുകയായിരുന്നു. 15 ദിവസങ്ങൾക്ക് ശേഷം ചൊവ്വാഴ്ച സൗരഭ് താമസിക്കുന്ന വാടക അപ്പാർട്ട്മെന്റിൽ നിന്ന് അഴുകിയ അവശിഷ്ടങ്ങൾ കണ്ടെത്തി. പ്രതികൾക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി. ഇവരെ കോടതിയിൽ ഹാജരാക്കും.

പ്രതികളുടെ മൊഴിയെ തുടര്‍ന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹം ഒന്നിലധികം കഷണങ്ങളായി മുറിച്ച് സിമന്റ് നിറച്ച വാട്ടർ ഡ്രമ്മിനുള്ളിൽ അടച്ച നിലയിൽ കണ്ടെത്തിയത്. അഴുകൽ വേഗത്തിലാക്കാനായിരിക്കാം ഈ മാർ​ഗം സ്വീകരിച്ചതെന്നും പൊലീസ് പറയുന്നു. 2016ലാണ് മുസ്കാനും സൗരഭും കുടുംബങ്ങളുടെ എതിർപ്പ് അവഗണിച്ച് വിവാഹിതരായത്. വാടക അപ്പാർട്ട്മെന്റിലായിരുന്നു താമസം. ദമ്പതികൾക്ക് ആറ് വയസ്സുള്ള ഒരു മകളുണ്ടായിരുന്നു. ഭാര്യയോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിച്ച സൗരഭ് മർച്ചന്റ് നേവിയിലെ ജോലി ഉപേക്ഷിച്ചു. മകളുടെ ജനന ശേഷം, ഭാര്യക്ക് തന്റെ സുഹൃത്ത് സാഹിലുമായി പ്രണയത്തിലാണെന്ന് സൗരഭ് അറിഞ്ഞു. ഈ ബന്ധം കുടുംബത്തിൽ പ്രശ്നമായി. വിവാഹമോചന സാധ്യത പോലും സൗരഭ് തേടി. ഒടുവിൽ, മകളുടെ ഭാവിയെക്കുറിച്ച് ദാമ്പത്യം തുടരാൻ തീരുമാനിച്ചു. മർച്ചന്റ് നേവിയിൽ വീണ്ടും ചേരാൻ സൗരഭ് തീരുമാനിക്കുകയും 2023 ൽ അദ്ദേഹം ജോലിക്കായി രാജ്യം വിടുകയും ചെയ്തു.

ഫെബ്രുവരി 28നായിരുന്നു മകളുടെ ആറാം ജന്മദിനം. ഫെബ്രുവരി 24 ന് മകളോടൊപ്പം ജന്മദിനമാഘോഷിക്കാൻ സൗരഭ് വീട്ടിലെത്തി. ഫെബ്രുവരി 15ന് മുസ്കാന്‍റെയും ജന്മദിനമായിരുന്നു. പൊലീസിന് നൽകിയ മൊഴി പ്രകാരം, മാർച്ച് 4 ന് ഭാര്യ സൗരഭിന്റെ ഭക്ഷണത്തിൽ ഉറക്കഗുളികകൾ കലർത്തി ബോധരഹിതനാക്കി. പിന്നീട് ഇരുവരും കത്തി ഉപയോഗിച്ച് കൊലപ്പെടുത്തി. മൃതദേഹം വെട്ടിനുറുക്കി‌ കഷണങ്ങൾ ഒരു ഡ്രമ്മിൽ ഇട്ടു. നനഞ്ഞ സിമന്റ് ഉപയോഗിച്ച് അടച്ചു. സൗരഭിനെക്കുറിച്ച് പ്രദേശത്തുള്ളവർ ചോദിച്ചപ്പോൾ, മണാലിയിൽ പോയതാണെന്ന് പറഞ്ഞു. ആളുകളെ തെറ്റിദ്ധരിപ്പിക്കാനും ഏതെങ്കിലും തരത്തിലുള്ള സംശയം ഉണ്ടാകാതിരിക്കാനും അവളും സാഹിലും സൗരഭിന്റെ ഫോണുമായി മണാലിയിലേക്ക് പോയി അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ഫോട്ടോകൾ അപ്‌ലോഡ് ചെയ്തു. എന്നാൽ സൗരഭ് ദിവസങ്ങളോളം കുടുംബാംഗങ്ങളിൽ നിന്ന് കോളുകൾ എടുക്കാതിരുന്നപ്പോൾ അവർ പൊലീസിൽ പരാതി നൽകി.

സൗരഭിന്റെ കുടുംബം പരാതി നൽകിയതിനെത്തുടർന്ന് പൊലീസ് മുസ്‌കാനെയും സാഹിലിനെയും കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തപ്പോൾ അവർ പൊട്ടിക്കരഞ്ഞ് കൊലപാതകം നടത്തിയതായി സമ്മതിച്ചു. തുടർന്ന് മൃതദേഹം എവിടെയാണെന്ന് വെളിപ്പെടുത്തി. ഡ്രിൽ മെഷീൻ ഉപയോഗിച്ചാണ് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button