ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കൽ; നിർണായക ചര്‍ച്ച, തുടർ നടപടിയുണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

ദില്ലി: വോട്ടർ ഐഡിയും ആധാറും ബന്ധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന സൂചന നല്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വിളിച്ച യോഗം ഇതിനായുള്ള നിയമ, സാങ്കേതിക കടമ്പകൾ ചർച്ച ചെയ്തു. ആവശ്യമായ തുടര്‍ നടപടിയുണ്ടാകുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചത്. ഭരണഘടനയ്ക്ക് അനുസൃതമായും സുപ്രീംകോടതി വിധി പാലിച്ചുമാകും നടപടികൾ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
ആധാർ നല്കുന്ന യുഐഡിഎഐയും തെരഞ്ഞെടുപ്പ് കമ്മീഷനും ഇക്കാര്യത്തിലെ സാങ്കേതിക വിഷയങ്ങളിൽ തുടർ ചർച്ചകൾ നടത്തും. ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കകരുതെന്നാണ് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടത്. ഇത് ലംഘിക്കാതെ എങ്ങനെ എല്ലാ വോട്ടർമാർക്കും സവിശേഷ നമ്പർ നല്കാമെന്നാണ് കമ്മീഷൻ പരിശോധിക്കുന്നത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഐടി വകുപ്പ്, നിയമനിർമ്മാണ സെക്രട്ടറിമാർ, യുഐഡിഎഐ സിഇഒ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഒരേ വോട്ടർ ഐഡി നമ്പർ പല സംസ്ഥാനത്തെ വോട്ടർമാർക്ക് കിട്ടിയത് വിവാദമായതോടെയാണ് കമ്മീഷൻ യോഗം വിളിച്ചത്.