Uncategorized

ട്രെയിനുകൾക്ക് പകൽ വേഗത കുറവ്, രാത്രിയിൽ പറപറക്കും! കാരണം എന്താണെന്ന് അറിയാമോ?

ഇന്ത്യൻ റെയിൽവേ രാജ്യത്തിന്റെ ജീവനാഡിയാണ്. ദിവസേന ലക്ഷക്കണക്കിന് യാത്രക്കാരാണ് ട്രെയിനുകളിൽ രാജ്യത്ത് അങ്ങോളമിങ്ങോളം യാത്ര ചെയ്യുന്നത്. പലപ്പോഴും ട്രെയിനുകൾ വൈകിയോടുന്ന കാഴ്ച നമ്മളെല്ലാവരും കാണാറുണ്ട്. എന്നാൽ, രാത്രികാലങ്ങളിൽ ട്രെയിനുകൾ പകലിനെ അപേക്ഷിച്ച് അൽപ്പം കൂടുതൽ വേ​ഗത്തിൽ സഞ്ചരിക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ഇടയ്ക്ക് അൽപ്പമൊന്ന് വൈകിയാലും പല ട്രെയിനുകളും കൃത്യസമയത്തോ അതിന് മുമ്പോ പോലും ലക്ഷ്യസ്ഥാനത്ത് എത്താറുണ്ട്. രാത്രിയിൽ ട്രെയിനുകൾക്ക് വേ​ഗത കൂടാൻ കാരണമെന്താണ്? രാത്രിയിൽ ട്രെയിനുകൾ വേഗത്തിൽ ഓടുന്നതിന്റെ പ്രധാന കാരണങ്ങളാണ് ഇനി പറയാൻ പോകുന്നത്.

രാത്രിയിൽ ട്രെയിനുകൾ വളരെ വേഗത്തിൽ സഞ്ചരിക്കുന്നതിന്റെ ഒരു പ്രധാന കാരണം ട്രാക്കുകൾ മറ്റ് തടസങ്ങളില്ലാതെ ഒഴിഞ്ഞുകിട്ടും എന്നതാണ്. പകൽ സമയത്ത് റെയിൽവേ ലൈനുകൾക്ക് സമീപം ആളുകളുടെയും മൃഗങ്ങളുടെയും സാന്നിധ്യം ഉണ്ടാകും. ഇത് സുരക്ഷാ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. അതിനാൽ ഈ സമയത്ത് ട്രെയിനുകൾക്ക് വേ​ഗത കുറയ്ക്കേണ്ടതായോ നിയന്ത്രിക്കേണ്ടതായോ വരുന്നു. എന്നാൽ, രാത്രിയിൽ ആളുകളുടെയും മൃഗങ്ങളുടെയും സാന്നിധ്യം ട്രാക്കുകൾക്ക് ചുറ്റും പകൽ സമയത്തിന് സമാനമായ രീതിയിൽ ഉണ്ടാകാറില്ല. ഇത് ട്രെയിനുകളെ വേഗത കുറയ്ക്കാതെ ദീർഘദൂരം ഓടാൻ സഹായിക്കുന്നു.

രാത്രിയിൽ ട്രെയിനുകളുടെ വേ​ഗതയെ സ്വാധീനിക്കുന്ന മറ്റൊരു കാര്യമാണ് ട്രാക്കുകളിലെ അറ്റകുറ്റപ്പണികൾ. പകൽ സമയത്ത് ട്രാക്കുകളുടെ പല ഭാ​ഗങ്ങളിലും അറ്റകുറ്റപ്പണികൾ നടക്കുന്നത് നാം കാണാറുണ്ട്. എന്നാൽ, രാത്രിയിൽ ട്രാക്കിൽ വലിയ അറ്റകുറ്റപ്പണികൾ നടത്താറില്ല. മിക്ക അറ്റകുറ്റപ്പണികളും പകൽ സമയത്താണ് നടക്കുന്നത്. ഇത് പലപ്പോഴും ട്രെയിനുകൾ ദീർഘനേരം നിർത്തിയിടുന്നതിനും ഷെഡ്യൂൾ ചെയ്യാത്ത താൽക്കാലിക സ്റ്റോപ്പുകളിൽ നിർത്തുന്നതിനും കാരണമാകുന്നു. ഇതെല്ലാം രാത്രിയിൽ ഇല്ലാതാകുന്നതിനാൽ അനാവശ്യ സ്റ്റോപ്പുകളില്ലാതെ ട്രെയിനിന് വേഗത നിലനിർത്താൻ കഴിയും.

കേൾക്കുമ്പോൾ സംശയം തോന്നുമെങ്കിലും രാത്രിയിലെ ട്രെയിനുകളുടെ വേഗത കൂടുന്നതിന് ദൃശ്യപരത ഒരു പ്രധാന ഘടകമാണ്. പകൽ സൂര്യപ്രകാശം കൂടുതലായതിനാൽ ട്രെയിൻ സിഗ്നലുകൾ അത്ര വേ​ഗത്തിൽ ദൃശ്യമാകില്ല. അതിനാൽ സുരക്ഷാ കാരണങ്ങളാൽ ഡ്രൈവർക്ക് വേഗത കുറയ്ക്കേണ്ടി വരുന്നു. എന്നാൽ, രാത്രിയിൽ കാര്യങ്ങൾ വ്യത്യസ്തമാണ്. കാരണം, ഡ്രൈവർക്ക് വളരെ ദൂരെ നിന്ന് തന്നെ സിഗ്നലുകൾ വ്യക്തമായി കാണാൻ കഴിയും. ഇത് ട്രെയിനുകളെ സ്ഥിരമായ വേഗതയിൽ സഞ്ചരിക്കാൻ സഹായിക്കുന്നു. ഇതിനെല്ലാം പുറമെ, രാത്രിയിലെ താപനിലയിലുണ്ടാകുന്ന കുറവ് ട്രെയിൻ എഞ്ചിന്റെ പ്രവർത്തനത്തെ മികച്ചതാക്കാൻ സഹായിക്കുന്നു. കുറഞ്ഞ താപനില എഞ്ചിൻ അമിതമായി ചൂടാകുന്നത് തടയുന്നു. ഇത് കാരണം മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ ട്രെയിനുകൾക്ക് കഴിയും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button