Uncategorized

പൊതുവിദ്യാഭ്യാസ മേഖലയിൽ കുടിശ്ശികയടക്കം കേന്ദ്രം കേരളത്തിന് നൽകേണ്ടത് 1186.84 കോടി; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയുടെ വികസനത്തിനായി കുടിശ്ശികയടക്കം കേരളത്തിന് ലഭിക്കേണ്ട കേന്ദ്രവിഹിതം 1186.84 കോടി രൂപയാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. 2023-24 ലെ കേന്ദ്രവിഹിതത്തിലെ കുടിശ്ശിക 280.58 കോടി രൂപയാണ്. 2024-25 ലെ കേന്ദ്രവിഹിതത്തിലെ കുടിശ്ശിക 513.54 കോടി രൂപയാണ്. 2025-26 ലേയ്ക്ക് അംഗീകരിച്ച തുക 654.54 കോടി രൂപയുമാണ്. പി എം ശ്രീ പദ്ധതിയിൽ ഒപ്പു വച്ചില്ലെന്നു പറഞ്ഞ് കേരളത്തിന് അർഹമായ വിഹിതം കേന്ദ്രസർക്കാർ തടഞ്ഞു വച്ചിരിക്കുകയാണെന്ന് മന്ത്രി.

ഒളിമ്പിക്സിന്റെ മാതൃകയിൽ കൊച്ചിയിൽ സംഘടിപ്പിച്ച കേരള സ്കൂൾ കായികമേള ഇൻക്ലൂസീവ് ആയി സംഘടിപ്പിച്ചതിന് കേരളത്തെയും സമഗ്ര ശിക്ഷ കേരളയേയും പ്രശംസിക്കുമ്പോൾ തന്നെ സമഗ്ര ശിക്ഷ കേരളയ്ക്കുള്ള ഫണ്ട് തടഞ്ഞുവെക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്. പി എം ശ്രീ ഒരു സമഗ്ര ശിക്ഷാ നിർദ്ദേശങ്ങളുടെയും ഭാഗമായിരുന്നില്ല എന്നതാണ് യാഥാർഥ്യം. 40% സംസ്ഥാന ധനസഹായം ആവശ്യമുള്ള പദ്ധതിയെക്കുറിച്ച് കേരളത്തിന് ന്യായമായ ആശങ്കകൾ ഉണ്ടായിരുന്നിട്ടും, കേന്ദ്രം അവ പരിഹരിക്കാൻ തയ്യാറായിട്ടില്ല. ഭിന്നശേഷിക്കാരായ കുട്ടികളിൽ ഇത് ചെലുത്തുന്ന സ്വാധീനം അതിലും ആശങ്കാജനകമാണ്. എല്ലാവരെയും ഉൾക്കൊള്ളുന്ന വിദ്യാഭ്യാസം നൽകുന്നതിനും കായിക വിനോദങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും കേരളത്തെ പ്രശംസിക്കുന്ന കേന്ദ്ര സർക്കാർ, അവരുടെ വിദ്യാഭ്യാസത്തിനും പിന്തുണയ്ക്കും വേണ്ടിയുള്ള ഫണ്ട് തടഞ്ഞുവെയ്ക്കുകയാണ് ചെയ്തത്. എല്ലാവരെയും ഉൾക്കൊള്ളുന്നതും ഗുണനിലവാരമുള്ളതുമായ വിദ്യാഭ്യാസത്തിന് പ്രതിജ്ഞാബദ്ധമായ കേരള മോഡലിനെ ദുർബലപ്പെടുത്താനുള്ള നീക്കങ്ങളിൽ നിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്ന് മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button