Uncategorized

കാസർകോട് 15കാരിയുടേയും യുവാവിൻ്റേയും മരണം; കൊലപാതകമാണോ ആത്മഹത്യയാണോയെന്ന് പൊലീസ് ഉറപ്പിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കാസർകോട് പതിനഞ്ചുകാരിയെയും അയൽവാസിയേയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണ പുരോഗതി റിപ്പോ‍ർട്ട് സർക്കാർ കോടതിയ്ക്ക് കൈമാറി. അന്വേഷണത്തിൽ വീഴ്ചയുണ്ടായതായി തോന്നുന്നില്ലെന്ന് പറഞ്ഞ കോടതി മരണകാരണം കൊലപാതകമാണോ ആത്മഹത്യയാണോയെന്ന് പൊലീസ് ഉറപ്പിക്കണമെന്നും ആവശ്യപ്പെട്ടു. മരിച്ച പെൺകുട്ടിയുടെ മാതാവ് നൽകിയ ഹർജി വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റി.

നേരത്തെ കേസ് പരി​ഗണിക്കവേ ആദ്യഘട്ടത്തിൽ തെരച്ചിൽ നടത്താതിരുന്ന പൊലീസിനെ കോടതി രൂക്ഷഭാഷയിൽ വിമർശിച്ചിരുന്നു. പിന്നീട് കേസ് പരി​ഗണിക്കുന്നതിനിടെ പൊലീസ് തൃപ്തികരമായി അന്വേഷണം നടത്തിയെന്ന് കോടതി പരാമർശിക്കുകയും ചെയ്തു. പെൺകുട്ടി മരിച്ചതെങ്ങനെയെന്ന കാര്യത്തിൽ പൊലീസ് വ്യക്തത വരുത്തണം. ഒരു കുടുംബത്തെ സംബന്ധിച്ചിടത്തോളം അവരുടെ എക്കാലവും നിലനിൽക്കുന്ന വേദനയായി ഈ പെൺകുട്ടിയുടെ മരണം ശേഷിക്കുമെന്നുറപ്പാണ്. അത് കണ്ടില്ലെന്ന് നടിക്കാൻ കോടതിക്കാവില്ല. പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് അമ്മ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി പരി​ഗണിക്കവേ ആയിരുന്നു കോടതിയുടെ വാക്കുകൾ.

കാണാതായ 15കാരിയെയും അയല്‍വാസിയായ യുവാവിനെയും പിന്നീട് സമീപത്തുള്ള കാട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഫെബ്രുവരി 12 നാണ് പെൺകുട്ടിയെയും ഇവരുടെ കുടുംബ സുഹൃത്തായ പ്രദീപിനെയും കാണാതായത്. മാർച്ച് 9 ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പെൺകുട്ടിയെ കാണാതായ സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. പരാതി ലഭിച്ചിട്ടും പൊലീസ് അന്വേഷണത്തിൽ വീഴ്ച സംഭവിച്ചതിനാലാണ് കണ്ടെത്താൻ വൈകിയതെന്ന ആരോപണം ഉയർന്നിരുന്നു. പെൺകുട്ടിക്കൊപ്പം കാണാതായ പ്രദീപിനെതിരെ ആരോപണവുമായി മാതാപിതാക്കൾ രംഗത്തെത്തിയിരുന്നു. ഇരുവരുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫായത് ഒരേയിടത്തുനിന്നായിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button