വീണ്ടും യുദ്ധഭൂമിയായി ഗാസ; ഇസ്രയേലിന്‍റെ ആക്രമണത്തിൽ 232 പേർ കൊല്ലപ്പെട്ടു, 500ലേറെ പേർക്ക് പരിക്ക്

ഗാസ: രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും യുദ്ധഭൂമിയായി ഗാസ. കനത്ത ബോംബാക്രമണത്തിൽ 232 പേർ കൊല്ലപ്പെട്ടു. 500ലേറെ പേർക്ക് പരിക്കേറ്റു. ഒന്നാം ഘട്ട വെടിനിർത്തൽ കാലാവധി അവസാനിച്ചതോടെയാണ് ആക്രമണം തുടങ്ങിയത്. ഹമാസിന്‍റെ താവളങ്ങളിൽ ആണ് ആക്രമണമെന്നാണ് ഇസ്രയേൽ പറയുന്നത്. എന്നാൽ കൊല്ലപ്പെട്ടവരിൽ നിരവധി സ്ത്രീകളും കുട്ടികളുമുണ്ട്.
ജനുവരി 19ന് വെടിനിർത്തൽ ആരംഭിച്ച ശേഷം ഇസ്രയേൽ നടത്തുന്ന ഏറ്റവും കനത്ത ആക്രമണമാണിത്. റമദാൻ മാസത്തിൽ നടന്ന വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളും പ്രായമായവരുമാണെന്ന് ഗാസയിലെ സിവിൽ ഡിഫൻസ് ഏജൻസി അറിയിച്ചു. വടക്കൻ ഗാസ, ഗാസ സിറ്റി, ദെയ്ർ അൽ-ബലാഹ്, ഖാൻ യൂനിസ്, റാഫ എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിൽ സ്ഫോടനം നടന്നു. ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് വിസമ്മതിച്ചതിനാലും സമാധാന നിർദേശങ്ങൾ നിരസിച്ചതിനാലുമാണ് ആക്രണത്തിന് ഉത്തരവിട്ടതെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഓഫീസ് അറിയിച്ചു.