സുനിത വില്യംസും ബുച്ച് വില്‍മോറും പ്രവേശിച്ചു; ഡ്രാഗണ്‍ പേടകത്തിന്‍റെ വാതിലുകളടഞ്ഞു, മടക്കം ഉടന്‍

ഒന്‍പത് മാസത്തിലേറെ നീണ്ട കാത്തിരിപ്പിന് ശേഷം നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും മടങ്ങിവരുന്നു. ഭൂമിയിലേക്കുള്ള തിരിച്ചുവരവിനായി ക്രൂ-9 സംഘത്തിലെ നാല് പേരും യാത്രാ പേടകമായ ഡ്രാഗണ്‍ ഫ്രീഡം പേടകത്തിലേക്ക് പ്രവേശിച്ചു. സുനിതയ്ക്കും ബുച്ചിനും പുറമെ നിക് ഹേഗ്, അലക്സാണ്ടർ ഗോർബനോവ് എന്നിവരാണ് ക്രൂ-9 സംഘത്തിലുള്ളത്. പത്തരയോടെ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) നിന്ന് പുറപ്പെടും.
ക്രൂ-10 ബഹിരാകാശ ഗവേഷണ സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയതോടെ ദൗത്യം പൂര്‍ത്തിയാക്കി ക്രൂ-9 സംഘം ഭൂമിയിലേക്ക് മടങ്ങുകയാണ്. സുനിത വില്യംസ്, ബുച്ച് വിൽമോർ, നിക് ഹേഗ്, അലക്സാണ്ടർ ഗോർബനോവ് എന്നിവരാണ് ക്രൂ 9 സംഘത്തിലെ അംഗങ്ങള്‍. വെറും 8 ദിവസത്തെ പരീക്ഷണ ദൗത്യത്തിനായി പോയി 9 മാസത്തിലേറെ ഐഎസ്എസില്‍ ചിലവഴിച്ച സുനിതയുടെയും ബുച്ചിന്‍റെയും മടങ്ങിവരവാണ് ക്രൂ-9 സംഘത്തെ ഭൂമിയിലേക്ക് വഹിച്ചുകൊണ്ടുവരുന്ന സ്പേസ് എക്സിന്‍റെ ഡ്രാഗണ്‍ ഫ്രീഡം പേടകത്തെ ശ്രദ്ധേയമാക്കുന്നത്. പത്തരയോടെ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക്ക് ചെയ്യും.
2024 ജൂൺ മുതൽ സുനിത വില്യംസും ബുച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുകയായിരുന്നു. ഭൂമിയില്‍ നിന്ന് ഇരുവരും യാത്രതിരിച്ച ബോയിംഗിന്‍റെ സ്റ്റാര്‍ലൈനര്‍ പേടകത്തിന് സാങ്കേതിക പ്രശ്നം നേരിട്ടതോടെയാണ് നിലയത്തിലെ വാസം 9 മാസത്തിലേറെ നീണ്ടത്. ഇരുവരെയും മടക്കിക്കൊണ്ടുവരാന്‍ ഇതിനിടെ പലതവണ നാസ ശ്രമിച്ചിരുന്നു. എന്നാല്‍ സ്റ്റാര്‍ലൈനറിലെ ത്രസ്റ്ററുകള്‍ക്കുള്ള തകരാറും ഹീലിയം ചോര്‍ച്ചയും പേടകത്തിന്‍റെ മടക്ക യാത്ര പ്രതിസന്ധിയിലാക്കി. ബഹിരാകാശ യാത്രികരുടെ സുരക്ഷ പരിഗണിച്ച് ഈ സ്റ്റാര്‍ലൈനര്‍ പേടകം പിന്നീട് ആളില്ലാതെ നിലത്തിറക്കുകയാണ് ബോയിംഗുമായി ചേര്‍ന്ന് നാസ ചെയ്തത്. ഇതിനെല്ലാം ഒടുവിലാണ് സുനിതയുടെയും ബുച്ചിന്‍റെയും മടക്കയാത്ര 2025 മാര്‍ച്ചിലേക്ക് നീട്ടിയത്.