ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ മികച്ച വിദ്യാലയത്തിനുള്ള അവാർഡ് അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിന്

അടക്കത്തോട്: കെസിബിസി മദ്യ വിരുദ്ധ സമിതിയും മാനന്തവാടി രൂപത കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസിയും കോർപറേറ്റ് സ്കൂളുകൾക്കായി സംഘടിപ്പിച്ച മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ മികച്ച ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള അവാർഡ് അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂൾ കരസ്ഥമാക്കി.
2024-25 വർഷത്തിൽ വൈവിധ്യമാർന്നതും ശ്രദ്ധേയമാർന്നതുമായ ഒട്ടേറെ പ്രവർത്തനങ്ങളാണ് വിദ്യാർത്ഥികളും അധ്യാപകരും പിറ്റിഎയും നാട്ടുകാരും ചേർന്ന് സംഘടിപ്പിച്ചത്. ‘വല’എന്ന പേരിൽ ഷോർട് ഫിലിം, കുട്ടികൾ അവതരിപ്പിച്ച തെരുവുനാടകം, ‘കളിയാണ് ലഹരി’ എന്ന സന്ദേശമുണർത്തി ഫുട്ബോൾ ടൂർണമെന്റ്, ഗോൾ വല നിറയ്ക്കൽ, ‘പുസ്തകമാണ് ലഹരി’ എന്ന സന്ദേശത്തോടെ പുസ്തക ചങ്ങല , കുട്ടിച്ചങ്ങല , ‘കൃഷിയാണ് ലഹരി’ എന്ന സന്ദേശമുണർത്തി അടുക്കളത്തോട്ടം, വെജ്ജ് വെഞ്ചർ ,ഗ്രീൻ ലീഫ്, ലഹരി വിരുദ്ധ റാലി, ഫ്ളാഷ് മോബ്, മോക് പാർലമെന്റ് തുടങ്ങിയ വേറിട്ട പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി.
കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയുടെ ജൂബിലി സമാപനത്തോടനുബന്ധിച്ചു നടത്തിയ ചടങ്ങിൽ മാനന്തവാടി രൂപതാ ബിഷപ്പ് മാർ. ജോസ് പൊരുന്നേടം അവാർഡ് നൽകി. പ്രധാനാധ്യാപകൻ ജോസ് സ്റ്റീഫൻ, ലഹരിവിരുദ്ധ ക്ലബ്ബ് കൺവീനർ റിജോയ് എം. എം, സിസ്റ്റർ ജിൽസി എലിസബത്ത്, ലഹരിവിരുദ്ധ ക്ലബ്ബ് ഭാരവാഹികളായ മുഹമ്മദ് ഫവാസ്, ആൻമരിയ ജെയ്സൺ എന്നിവർ പങ്കെടുത്തു.