‘അറിയാതെ ഭക്ഷണത്തിൽ രാസലഹരി കലർത്തി അടിമയാക്കി പീഡനം’; കോട്ടക്കലിലെ പെൺകുട്ടി നേരിട്ടത് ക്രൂരപീഡനമെന്ന് പൊലീസ്

മലപ്പുറം: മലപ്പുറം കോട്ടക്കലിലെ പെൺകുട്ടി നേരിട്ടത് അതിക്രൂര പീഡനമെന്ന് എസ്.എച്ച്.ഒ വിനോദ് വലിയാറ്റൂർ. ഭക്ഷണത്തിൽ രാസലഹരി കലർത്തി അടിമയാക്കിയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വെങ്ങര സ്വദേശിയായ യുവാവ് വർഷങ്ങളോളം പീഡിപ്പിച്ചത്. 23കാരനായ അബ്ദുൾ ഗഫൂറിനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ചാണ് ലൈംഗികമായി പീഡിപ്പിച്ചത്. അബ്ദുൾ ഗഫൂർ എംഡിഎംഎ കേസിലും പ്രതിയാണ്.
”ഇൻസ്റ്റഗ്രാമിലൂടെയാണ് പരിചയം. സൗഹൃദം നടിച്ച് അടുത്ത് പരിചയപ്പെട്ടതിന് ശേഷം ഫുഡ് കഴിക്കാനായി കുട്ടിയെ വിളിച്ചു. ആ ഫുഡിൽ കുട്ടി അറിയാതെ എംഡിഎംഎ പോലുള്ള സിന്തറ്റിക് ഡ്രഗ്സ് കലർത്തി കൊടുത്തു. അങ്ങനെ കുട്ടിയോട് അടുപ്പം സ്ഥാപിച്ച ശേഷം ഇത്തരം ഫുഡ് ഇടയ്ക്ക് ഇടയ്ക്ക് നൽകി ലൈംഗിക കാര്യങ്ങൾക്കായി ഉപയോഗിക്കുകയായിരുന്നു. പിന്നീട് വീട്ടുകാരുടെ ജാഗ്രതയോടെയുള്ള ഇടപെടലിനെ തുടർന്ന് മറ്റ് ചികിത്സകൾക്ക് ശേഷമാണ് കുട്ടി താൻ അകപ്പെട്ടിരിക്കുന്നത് കെണിയിലാണെന്ന് മനസിലാക്കുന്നതും പൊലീസിന്റെ സഹായം തേടുന്നതും.” എസ്എച്ച്ഒ പറഞ്ഞു.