ഓട്ടോയിൽ കയറി രാത്രി 11 മണിക്ക് നാട്ടിക പള്ളിക്കടുത്ത് ഇറങ്ങി; ഓട്ടോക്കൂലി ചോദിച്ചപ്പോൾ ആക്രമണം, പണവും തട്ടി

തൃശൂർ: ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്ന പ്രതിയെ അറസ്റ്റ് ചെയ്തു. നാട്ടിക കാമ്പ്രത്ത് അഖിൽ (32) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 14 ന് രാത്രി 11 മണിക്ക് നാട്ടിക പള്ളിക്ക് സമീപമാണ് കേസിനാസ്പദമായ സംഭവം. എറിയാട് കരിപ്പാക്കുളം അംജിദിന്റെ ഓട്ടോയിലെത്തിയ അഖിൽ പെട്ടെന്ന് പോകാൻ ശ്രമിക്കുകയായിരുന്നു. ഓട്ടോക്കൂലി ചോദിച്ചതോടെ അംജിദിനെ മുഖത്ത് കൈകൊണ്ടും കലിങ്കല്ല് കഷ്ണം കൊണ്ട് തലയുടെ ഇടത് വശത്തും ഇടിക്കുകയും പോക്കറ്റിൽ നിന്നും 15000 രൂപ വില വരുന്ന മൊബൈൽ ഫോണും 200 രൂപയും തട്ടിപ്പറിച്ചെടുത്തു കൊണ്ടു പോകുകയുമായിരുന്നു. വലപ്പാട് പൊലീസ് കേസെടുത്ത അന്വേഷണം നടത്തുന്നതിനിടെ നാട്ടിക എ കെ ജി കോളനിക്ക് സമീപത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. വലപ്പാട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം കെ രമേഷ്, പ്രിൻസിപ്പൽ എസ് ഐ എബിൻ, പ്രൊബേഷൻ എസ് ഐ ജിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അഖിൽ 2020 ൽ വലപ്പാട് പൊലീസ് സ്റ്റേഷനിൽ ഒരു മോഷണ കേസും മലപ്പുറം തിരൂർ പൊലീസ് സ്റ്റേഷനിൽ ഒരു മോഷണ കേസും, കൈപ്പമംഗലം പൊലീസ് സ്റ്റേഷനിൽ രണ്ട് മോഷണ കേസുകളും 2016 ൽ വലപ്പാട് പൊലീസ് സ്റ്റേഷനിൽ ഒരു വധശ്രമ കേസും അടക്കം 8 ക്രിമിനൽ കേസുകളിലെ പ്രതിയാണ്. വലപ്പാട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം കെ രമേഷ്, പ്രിൻസിപ്പൽ എസ് ഐ എബിൻ, പ്രൊബേഷൻ എസ് ഐ ജിഷ്ണു, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സോഷി, ലെനിൻ, സി പി ഒ ബിജേഷ്, സി പി ഒ സന്ദീപ്, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ മുജീബ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.