വയോധികയുടെ അക്കൌണ്ടിൽ നിന്ന് അരക്കോടി തട്ടി, ബാങ്ക് ജീവനക്കാരിയും കാമുകനും പിടിയിൽ, അറസ്റ്റ് കേരളത്തിൽ നിന്ന്

ബെംഗളൂരു: 76കാരിയിൽ നിന്ന് തന്ത്രപരമായി ഒപ്പ് കൈക്കലാക്കി അരക്കോടി രൂപ തട്ടിയെടുത്ത ബാങ്ക് ഡെപ്യൂട്ടി മാനേജരും കാമുകനും അടക്കം നാല് പേർ അറസ്റ്റിൽ. ബെംഗളൂരുവിലെ ഇൻഡസ്ലൻഡ് ബാങ്ക് ഡെപ്യൂട്ടി മാനേജർ അടക്കമാണ് അറസ്റ്റിലായിട്ടുള്ളത്. ബെംഗളൂരുവിലെ ഗിരിനഗർ ബ്രാഞ്ചിലെ ഡെപ്യൂട്ടി മാനേജറായ 31കാരി മേഘ്ന പി വി, കാമുകൻ ശിവപ്രസാദ്, അൻവർ ഘോസ്, വരദരാജ് എന്നിവരാണ് അറസ്റ്റിലായിട്ടുള്ളതെന്നാണ് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.
76കാരിയായ സാവിത്രിയമ്മ എന്ന പരാതിക്കാരിയുടേയും ഭർത്താവിന്റെയും ജോയിന്റ് അക്കൌണ്ട് കൈകാര്യം ചെയ്യുന്നതിൽ മേഘ്ന ആയിരുന്നു ഇവരെ സഹായിച്ചിരുന്നത്. മാന്യമായ പെരുമാറ്റത്തിലൂടെ 76കാരിയുടെ വിശ്വാസം നേടിയെടുത്ത ശേഷം സ്വകാര്യ വിവരങ്ങളും മേഘ്ന കരസ്ഥമാക്കി. 2025 ജനുവരിയിൽ പരാതിക്കാരി ബെംഗളൂരുവിലെ വീട് വിറ്റതിന്റെ ഒരു കോടി രൂപ ഇവരുടെ അക്കൌണ്ടിൽ വന്നിരുന്നു. ഈ പണം എഫ്ഡി രൂപത്തിലിടാനെന്ന പേരിൽ ആർടിജിഎസ് രേഖകളിലും ബ്ലാങ്ക് ചെക്കിലും മേഘ്ന ഒപ്പിട്ട് വാങ്ങിയ ശേഷം അക്കൌണ്ടിൽ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. ഫെബ്രുവരി 14ന് ആർടിജിഎസ് ഉപയോഗിച്ച് 30 ലക്ഷം രൂപ കാമുകന്റെ സഹായത്തോടെ തുടങ്ങിയ മറ്റൊരു അക്കൌണ്ടിലേക്ക് മാറ്റിയ ശേഷം ഇതിൽ നിന്ന് 30 ലക്ഷം രൂപ പിൻവലിക്കുകയായിരുന്നു.