നട്ടെല്ലിന് നീളം അൽപ്പം കൂടും, പേശികൾക്ക് ബലക്ഷയം; നീണ്ട ബഹിരാകാശ ദൗത്യങ്ങൾ ശരീരത്തെ ബാധിക്കുന്നത് ഇങ്ങനെ

ദീർഘകാല ബഹിരാകാശ ദൗത്യങ്ങൾ മനുഷ്യ ശരീരത്തെ എങ്ങനെയൊക്കെ ബാധിക്കും. സുനിത വില്യംസും ബുച്ച് വിൽമോറും ഒമ്പത് മാസത്തെ ദൗത്യം കഴിഞ്ഞ് മടങ്ങുമ്പോൾ, ഈ ചോദ്യം വീണ്ടും വലിയ ചര്‍ച്ചയാവുകയാണ്. സുനിതയും ബുച്ചും മാത്രമല്ല, ബഹിരാകാശത്ത് പോയി വരുന്ന ഏതൊരു മനുഷ്യനും വലിയ വെല്ലുവിളികളാണ് ഭൂമിയിൽ തിരച്ചെത്തുമ്പോൾ അനുഭവിക്കേണ്ടി വരുന്നത്.
സുനിത വില്യംസും ബുച്ച് വിൽമോറും ഇപ്പോഴത്തെ ദൗത്യത്തിന്‍റെ ഭാഗമായി ബഹിരാകാശത്ത് ചെലവഴിച്ചത് 288 ദിവസങ്ങളാണ്. മുൻ ദൗത്യങ്ങളും കൂടി ചേർത്താൽ സുനിത വില്യംസ് 605 ദിവസത്തിലധികം ബഹിരാകാശത്ത് ചെലവഴിച്ച് കഴിഞ്ഞു. എറ്റവും കൂടുതൽ സമയം ബഹിരാകാശത്ത് തുടർച്ചയായി തങ്ങിയ റെക്കോർഡ് 437 ദിവസം ബഹിരാകാശത്ത് ചെലവഴിച്ച റഷ്യൻ യാത്രികൻ വലേരി പോളിയാക്കോവിനാണ്.
അമേരിക്കൻ വനിത ആസ്ട്രനോട്ട് ക്രിസ്റ്റീന കോച്ച് 328 ദിവസം തുടർച്ചയായി ബഹിരാകാശത്ത് തങ്ങിയിട്ടുണ്ട്.അഞ്ച് വ്യത്യസ്ത ദൗത്യങ്ങളിലായി 1110 ദിവസം ബഹിരാകാശത്ത് ചെലവഴിച്ച റഷ്യയുടെ ഒലെഗ് കൊനോനെൻകോയ്ക്കാണ് എറ്റവും കൂടുതൽ സമയം ബഹിരാകാശത്ത് ചെലവഴിച്ചതിന്റെ റെക്കോര്‍ഡ് ഉള്ളത്.
ഇത്രയും കാലം ബഹിരാകാശത്ത് തങ്ങുമ്പോൾ പല പ്രശ്നങ്ങളുമുണ്ട്. ഭൂമിയുടെ ഗുരുത്വാകർഷണത്തെ അനുഭവിച്ച് ജിവിക്കാൻ പാകത്തിന് പരിണമിച്ചതാണ് മനുഷ്യ ശരീരം. ഗുരുത്വാകർഷണമില്ലാത്ത ബഹിരാകാശത്ത് ജീവിക്കുമ്പോൾ ശരീരത്തിൽ പല മാറ്റങ്ങളും സംഭവിക്കും. അതിൽ പ്രധാനപ്പെട്ടത് പേശികൾക്ക് സംഭവിക്കുന്ന ബലക്ഷയമാണ്. ഗുരുത്വാകർഷണമില്ലാത്തിടത്ത് നിവർന്ന് നിൽക്കാനും നടക്കാനുമൊന്നും കാര്യമായി പേശി ബലം വേണ്ടല്ലോ. അപ്പോൾ മൂന്ന് മുതൽ ആറ് മാസം വരെ ബഹിരാകാശത്ത് ചെലവഴിച്ചാൽ ശരീരത്തിലെ മസിൽ മാസ് മുപ്പത് ശതമാനം വരെ നഷ്ടമാകുമെന്നാണ് പഠനങ്ങൾ.
കാലിലെയും കഴുത്തിലെയും പുറത്തെയും പേശികൾക്കാണ് പ്രധാനമായും ബലക്ഷയം സംഭവിക്കുന്നത്. എല്ലുകൾക്കും സമാന രീതിയിൽ ബലക്ഷയം സംഭവിക്കുന്നുണ്ട്. ഒരു പരിധി വരെയെങ്കിലും ഇത് രണ്ടും മറികടക്കാൻ കൃത്യമായ പദ്ധതി നാസയടക്കം ബഹിരാകാശ ഏജൻസികൾ ആവിഷ്കരിച്ചിട്ടുണ്ട്. ബഹിരാകാശത്തേക്ക് പോകുന്നതിനും ഒരു വർഷം മുമ്പ് തന്നെ ഇതിനായി തയ്യാറെടുപ്പുകൾ തുടങ്ങും.
പ്രത്യേക പരിശീലത്തിലൂടെ ബഹിരാകാശ സഞ്ചാരത്തിനായി ശരീരത്തെ പാകപ്പെടുത്തിയെടുക്കും. അന്താരാഷ്ട്രബഹിരാകാശ നിലയത്തിൽ എത്തിക്കഴിഞ്ഞാൽ സഞ്ചാരികൾ രണ്ടര മണിക്കൂർ പ്രത്യേക വ്യായാമങ്ങൾ നിർബന്ധമായി ചെയ്തിരിക്കണം. ഇതിനായി ഒരു പ്രത്യേക ജിം തന്നെ നിലയത്തിൽ സജ്ജമാക്കിയിട്ടുണ്ട്. സഞ്ചാരികളുടെ ഭക്ഷണക്രമവും പ്രത്യേകം ചിട്ടപ്പെടുത്തയതാണ്.
ഓരോ സഞ്ചാരിക്കും അവരുടെ ശാരീരിക പ്രത്യേകതകൾ അനുസരിച്ച് പ്രത്യേക ഡയറ്റ് സപ്ലിമെന്റുകളും ഉറപ്പാക്കുന്നുണ്ട്. ഗുരുത്വാകർഷണം കുറവായതിനാൽ ശരീര ഭാരം അനുഭവപ്പെടില്ലല്ലോ. ഇത് കാരണം മറ്റൊരു പ്രശ്നം കൂടി സംഭവിക്കും. സഞ്ചാരികളുടെ നട്ടെല്ലിന് നീളം അൽപ്പം കൂടും. ഇത് തിരികെ ഭൂമിയിലെത്തിക്കഴിഞ്ഞ് അൽപ്പ കാലത്തിനുള്ളിൽ പഴയപടിയാകും. എന്നാല്‍, കടുത്ത പുറവേദനയും ഡിസ്ക് പ്രശ്നങ്ങളും ബഹിരാകാശ സഞ്ചാരികൾ ഭൂമിയിലെത്തിയാൽ അനുഭവിക്കേണ്ടി വരാറുണ്ട്.
ദീർഘകാല ബഹിരാകാശവാസം കഴിഞ്ഞ് ഭൂമിയിലെത്തി വീണ്ടും ഗുരുത്വാകർഷണം അനുഭവിക്കുമ്പോൾ ഉടനെ തന്നെ സ്വയം എഴുന്നേറ്റ് നിൽക്കാനൊന്നും സഞ്ചാരികൾക്ക് കഴിയാറില്ല. അത് കൊണ്ട് ആസ്ട്രനോട്ടുകൾക്കായി 45 ദിവസം നീളുന്ന ഒരു റീഹാബ് പദ്ധതി തന്നെ നാസയ്ക്കുണ്ട്. ലാൻഡ് ചെയ്യുന്ന ദിവസം മുതൽ ഇതിന് തുടക്കമാകും. തിരിച്ചെത്തുന്ന സഞ്ചാരികൾ ആദ്യം പോകുന്നത് ആശുപത്രിയിലേക്കാണ്.
വിശദമായ വൈദ്യ പരിശോധന കഴിഞ്ഞ ശേഷം മൂന്ന് ഘട്ടങ്ങളായാണ് ഭൂമിയുമായുള്ള പൊരുത്തപ്പെടൽ പദ്ധതി നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തിൽ ചലനത്തിനാണ് മുൻഗണന. രണ്ടാം ഘട്ടത്തിൽ കൂടുതൽ കടുപ്പമുള്ള വ്യായമ മുറകളിലേക്ക് കടക്കും. ഹൃദയത്തിന്‍റെ പ്രവർത്തനമടക്കം കൃത്യമായി ഈ ഘട്ടത്തിൽ നിരീക്ഷിക്കും. ഇതിന് ശേഷമാണ് കൂടുതൽ സമയമെടുക്കുന്ന ശരീരത്തിന്‍റെ എല്ലാ പ്രവർത്തനങ്ങളെയും വിലയിരുത്തുന്ന പ്രത്യേക പരിശീലന പരിപാടി.
ഓരോ ഘട്ടത്തിലും വിദഗ്ധരായ ഡോക്ടർമാർ ബഹിരാകാശ സഞ്ചാരികളുടെ കൂടെയുണ്ടാകും. വ്യക്തിഗത ആവശ്യങ്ങളും ശാരീരക പ്രത്യേകതകളും പരിഗണിച്ചാണ് ഭക്ഷണക്രമവും വ്യായമവും ചികിത്സയുമെല്ലാം നിർണയിക്കുന്നത്. ഈ റിസ്ക് ബഹിരാകാശ സഞ്ചാരികൾ എടുത്തേ പറ്റൂ. കാരണം ഭാവിയിൽ മറ്റ് ഗ്രഹങ്ങളിലേക്ക് പോകണമെങ്കിൽ വർഷങ്ങൾ നീളുന്ന ബഹിരാകാശ യാത്ര നടത്തേണ്ടതായി വരും. അതിന് വേണ്ടി പദ്ധതികൾ ആവിഷ്കരിക്കാൻ ഈ സഞ്ചാരികളുടെ അനുഭവങ്ങളാണ് ശാസ്ത്രജ്ഞരെ സഹായിക്കുക.