കൈക്കുഞ്ഞിനെ തീയുടെ മുകളിൽ തലകീഴായി കെട്ടിത്തൂക്കി; കാഴ്ച്ച നഷ്ടമായി; മന്ത്രവാദമെന്ന് ആരോപണം

ഭോപ്പാൽ : മധ്യപ്രദേശിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ തീയുടെ മുകളിൽ തലകീഴായി കെട്ടിത്തൂക്കിയെന്ന് പരാതി. ദുർമന്ത്രവാദത്തിന്റെ ഭാഗമായാണ് കുഞ്ഞിനെ കെട്ടിത്തൂക്കിയതെന്നാണ് പ്രാഥമിക വിവരം.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുഞ്ഞ് ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ഇതേ തുടർന്ന് രക്ഷിതാക്കൾ കുഞ്ഞിനെ സമീപത്തുള്ള മന്ത്രവാദിയുടെ അടുത്ത് കൊണ്ടുപോകുകയായിരുന്നു. മന്ത്രവാദത്തിന്റെ ഭാഗമായി കുഞ്ഞിനെ കലകീഴായി തീയ്ക്ക് മുകളിൽ കെട്ടിത്തൂക്കി. ഇതിന് പിന്നാലെ കുഞ്ഞിന്റെ കാഴ്ച ശക്തി നഷ്ടമായതായാണ് ആരോപണം.
കുട്ടിയെ അദൃശ്യശക്തികൾ വേട്ടയാടുന്നുണ്ടെന്ന് പറഞ്ഞ മന്ത്രവാദി പരിഹാരം കാണണമെങ്കിൽ തീയുടെ മുകളിൽ തലകീഴായി കെട്ടിത്തൂക്കണമെന്ന് പറയുകയായിരുന്നു. കുഞ്ഞ് നിലവിളിച്ച് കരയുമ്പോഴും രക്ഷിതാക്കൾ നോക്കിനിൽക്കുകയായിരുന്നു. കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്നാണ് വിവരം പുറംലോകമറിഞ്ഞത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.