മന്ത്രി ഗണേഷ് കുമാറിന്‍റെ നിർദേശം, അപകടങ്ങള്‍ പതിവായ പോട്ട ആശ്രമം സിഗ്നല്‍ ജങ്ഷനില്‍ പുതിയ ക്രമീകരണം

തൃശൂർ: ചാലക്കുടിയിൽ അപകടങ്ങള്‍ പതിവാകുന്ന പോട്ട ആശ്രമം സിഗ്നല്‍ ജങ്ഷനില്‍ കിഴക്ക് ഭാഗത്ത് നിന്നും ദേശീയ പാതയിലേക്കുള്ള പ്രവേശനം നിരോധിക്കാന്‍ തീരുമാനം. നഗരസഭ വിളിച്ചു ചേര്‍ത്ത ദേശീയപാത ഉദ്യോഗസ്ഥര്‍, പൊലീസ്, മോട്ടാര്‍ വാഹന വകുപ്പ്, ട്രാഫിക് കമ്മിറ്റി എന്നിവരുടെ സംയുക്ത യോഗമാണ് പ്രവേശനം അടച്ചുകെട്ടാന്‍ തീരുമാനിച്ചത്. നേരത്തെ മന്ത്രി ഗണേഷ് കുമാറും ഈ അഭിപ്രായം പറഞ്ഞിരുന്നു. എന്നാല്‍ സര്‍വ്വീസ് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാതിരുന്നതിനാല്‍ മന്ത്രിയുടെ നിര്‍ദേശം നടപ്പിലാക്കാന്‍ കഴിഞ്ഞില്ല.
സര്‍വ്വീസ് റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച സാഹചര്യത്തിലാണ് ഇപ്പോഴത്തെ തീരുമാനം. പഴയ ഹൈവേയില്‍ നിന്നും തൃശൂര്‍, ഇരിങ്ങാലക്കുട, പോട്ട ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ സിഗ്നല്‍ ജങ്ഷനില്‍ നിന്നും ദേശീയപാതയിലേക്ക് നേരിട്ട് പ്രവേശിക്കാതെ സര്‍വ്വീസ് റോഡ് മാര്‍ഗം സുന്ദരികവല വഴി പോട്ടയിലെത്തുന്ന തരത്തിലാണ് ക്രമീകരണം. എന്നാല്‍ ആശ്രമം റോഡില്‍ നിന്നും ദേശീയപാതയിലേക്കുള്ള പ്രവേശനം അടയ്ക്കില്ല. അടുത്ത മാസത്തോടെ ആശ്രമം ജങ്ഷനിലെ അടിപ്പാത നിര്‍മ്മാണം ആരംഭിക്കുമെന്ന് ദേശീയപാത അധികൃതര്‍ അറിയിച്ചു.
കോടതി ജങ്ഷനിലെ അണ്ടര്‍ പാസേജിന്‍റെ ബെല്‍മൗത്തുകള്‍ കൂടുതല്‍ സൗകര്യപ്പെടുത്തുന്നതിനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തീകരിക്കാനും തീരുമാനിച്ചു. എംഎല്‍എ സനീഷ്‌കുമാര്‍ ജോസഫ് അധ്യക്ഷനായിരുന്നു. നഗരസഭ ചെയര്‍മാന്‍ ഷിബു വാലപ്പന്‍, പ്രതിപക്ഷ ലീഡര്‍ സി എസ് സുരേഷ്, ദേശീയപാത അതോറിറ്റി മാനേജര്‍ ജ്യോതികുമാര്‍, നഗരസഭ കൗണ്‍സിലര്‍മാര്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.