Uncategorized

വൺ ഡേ ട്രിപ്പിന് ഇവിടം സെറ്റാണ്! ഡാമും തൂക്കുപാലവും കണ്ട് ഒരു കുളിയും പാസാക്കാം; പോകാം തുമ്പൂർമുഴിയിലേക്ക്

പ്രകൃതിയുടെ മടിത്തട്ടിൽ ഒരു ദിനം ചെലവഴിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് പോകാൻ അനുയോജ്യമായ സ്ഥലമാണ് തൃശൂർ ജില്ലയിലെ തുമ്പൂർമുഴി. ഇവിടെ ഡാമും തൂക്കുപാലവും ഉൾപ്പെടെ ആസ്വദിക്കാൻ നിരവധി കാഴ്ചകളുണ്ട്. ലോകപ്രശസ്തമായ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്കുള്ള വഴിയിലാണ് തുമ്പൂർമുഴി സ്ഥിതി ചെയ്യുന്നത്. ഇവിടെ ഒരു ബട്ടർഫ്ലൈ പാ‍ർക്കും കുട്ടികൾക്ക് വേണ്ടിയുള്ള പാർക്കുമുണ്ട്. കുടുംബത്തോടൊപ്പമോ സുഹൃത്തുക്കൾക്കൊപ്പമോ സന്തോഷകരമായ നിമിഷങ്ങൾ പങ്കുവെയ്ക്കാൻ തുമ്പൂർമുഴിയിലേയ്ക്ക് ധൈര്യമായി പോകാം.

ചാലക്കുടി പുഴയ്ക്ക് കുറുകെ നിർമ്മിച്ചിരിക്കുന്ന തുമ്പൂർമുഴി ഡാമിൽ നിന്നാണ് സമീപ ഗ്രാമങ്ങളിലേക്ക് ജലസേചന ആവശ്യങ്ങൾക്കായി വെള്ളം നൽകുന്നത്. നദിയിൽ നിന്നുള്ള വെള്ളം എടത്തുകര, വലത്തുകര എന്നീ രണ്ട് കനാലുകളിലൂടെ വഴിതിരിച്ചു വിടുന്നു. മഴക്കാലത്ത് തുമ്പൂർമുഴിയുടെ കാഴ്ചകൾ മനോഹരമാണ്. വെള്ളം പൂർണ്ണ ശക്തിയോടെ പാറകളിലൂടെ താഴേക്ക് പതിക്കുകയും ‌ഡാമിന്റെ പരിസരപ്രദേശങ്ങളെല്ലാം പച്ച പുതയ്ക്കുകയും ചെയ്യും. വിനോദസഞ്ചാരികളെ ഏഴാറ്റുമുഖം പ്രകൃതി ഗ്രാമവുമായി ബന്ധിപ്പിക്കുന്നതാണ് ഇവിടെയുള്ള തൂക്കുപാലം. ചാലക്കുടി നദിയുടെ രണ്ട് കരകളെ ബന്ധിപ്പിക്കുന്ന പാലത്തിലൂടെയുള്ള നടത്തം തുമ്പൂർമുഴിയുടെ മനോഹരമായ കാഴ്ച സമ്മാനിക്കും. ഏഴാറ്റുമുഖത്ത് സഞ്ചാരികൾക്ക് കുളിക്കാനും വിശ്രമിക്കാനുമൊക്കെ സൗകര്യമുണ്ട്.

പാലത്തിന്റെ മറുവശത്താണ് ബട്ടർഫ്ലൈ പാർക്കും കുട്ടികളുടെ പാർക്കുമുള്ളത്. 140-ലധികം ഇനം ചിത്രശലഭങ്ങളുടെ ആവാസ കേന്ദ്രമാണ് ഇവിടുത്തെ ബട്ടർഫ്ലൈ പാർക്ക്. സതേൺ ബേർഡ്‌വിംഗ്, പാപ്പിലിയോ ഡെമോലിയസ്, കോമൺ റോസ് തുടങ്ങി വിവിധയിനം ചിത്രശലഭങ്ങളെ ഇവിടെ കാണാം. മനോഹരമായ ഒരു പൂന്തോട്ടത്തിനിടയിലുള്ള കുട്ടികളുടെ പാർക്കിൽ കൊച്ചുകുട്ടികൾക്ക് സന്തോഷം നൽകുന്നതെല്ലാമുണ്ട്. തിരക്കേറിയ ജീവിതത്തിൽ നിന്ന് ഒരിടവേള നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ മനോഹരമായ തുമ്പൂർമുഴിയാണ് ഏറ്റവും മികച്ച ഓപ്ഷൻ.

സന്ദർശന സമയം : രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ

പ്രവേശന ഫീസ് : 15 രൂപ (മുതിർന്നവർ), 5 രൂപ (കുട്ടികൾ)

എങ്ങനെ എത്താം

ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: തൃശൂർ – 45 കി.മീ.
ഏറ്റവും അടുത്തുള്ള വിമാനത്താവളം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം – 25 കി.മീ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button