Uncategorized

കൊല്ലത്ത് ബൈക്കിൽ കാട്ടുപന്നി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 54 കാരൻ മരിച്ചു

കൊല്ലത്ത് ബൈക്കിൽ കാട്ടുപന്നി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 54 കാരൻ മരിച്ചു. ഇട്ടിവ വയല കോവൂര്‍ സ്വദേശി ബാബുവാണ് ( 54 ) മരിച്ചത്. ഇക്കഴിഞ്ഞ നാലാം തിയതി രാത്രിയാണ് സംഭവം. ബാബുവും സുഹൃത്ത് ബാലചന്ദ്രനും സഞ്ചരിച്ച ബൈക്കിൽ കാട്ടുപന്നി ഇടിക്കുകയായിരുന്നു. രാത്രി പത്തരയോടെ സുഹൃത്തിനൊപ്പം ബൈക്കിൽ വീട്ടിലേക്ക് മടങ്ങവെയായിരുന്നു പന്നിയുടെ ആക്രമണം.

ബൈക്കിൽ നിന്ന് തെറിച്ച് വീണ് ഇരുവർക്കും പരിക്കേറ്റിരുന്നു. ബാബുവിന്‍റെ തലയ്ക്കാണ് പരിക്കേറ്റിരുന്നത്. ഗുരുതര പരിക്കേറ്റ ബാബുവിനെ ആദ്യം കടയ്ക്കൽ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് ഇന്ന് രാവിലെ മരണം സംഭവിച്ചത്.

രാത്രികാലങ്ങളിൽ പ്രദേശത്ത് പന്നിയുടെ ശല്യമുണ്ടെന്ന് മരിച്ച ബാബുവിന്‍റെ ബന്ധു സുബാഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇട്ടിവ പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാരും പറയുന്നത്. കൃഷി നശിപ്പിക്കുന്നത് പ്രദേശത്ത് പതിവാണ്. വനത്തോട് ചേർന്ന പ്രദേശമല്ല. എന്നിട്ടും മനുഷ്യ ജീവനെടുക്കുന്ന തരത്തിൽ കാട്ടുപന്നി നാട്ടിലിറങ്ങി വിലസുന്നത്. ഇതിന് പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button