ഇംഗ്ലീഷ് പത്ര പരസ്യം കണ്ട് ആകൃഷ്ടനായ കാറളം സ്വദേശിയെ വാട്സാപ്പ് ഗ്രൂപ്പിൽ ചേർത്ത് തട്ടിപ്പ്; പ്രതി റിമാൻഡിൽ

തൃശൂര്‍: ഓണ്‍ലൈന്‍ ഓഹരി വ്യാപാരത്തട്ടിപ്പ് നടത്തിപ്പുകാരുടെ ഇടനിലക്കാരനായിനിന്ന് കമ്മിഷന്‍ പറ്റിയ കേസില്‍ അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു. തൃശൂര്‍ കടുപ്പശേരി അടമ്പുകുളം വീട്ടില്‍ ആസ്റ്റല്‍ ഡേവിഡ് (27) എന്നയാളെയാണ് ഇരിങ്ങാലക്കുട സൈബര്‍ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഷെയര്‍ ട്രേഡിങ്ങില്‍ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് തൃശൂര്‍ കാറളം സ്വദേശിയില്‍നിന്ന് ഒരു കോടി മുപ്പത്തി നാല് ലക്ഷത്തി അമ്പതിനായിരം രൂപ തട്ടിപ്പ് നടത്തിയ കേസിലാണ് അറസ്റ്റ്.
പ്രമുഖ ഇംഗ്ലീഷ് ദിന പത്രത്തിലെ ഷെയര്‍ ട്രേഡിങ്ങ് പരസ്യം കണ്ട് ആകൃഷ്ടനായ കാറളം സ്വദേശിയെ ഷെയര്‍ ട്രേഡിങ്ങിനായി ബി 1 ഗോള്‍ഡ് സ്റ്റോക്ക് ഇന്‍വെസ്റ്റര്‍ ഡിസ്‌കഷന്‍ എന്ന പേരിലുള്ള വാട്‌സാപ് ഗ്രൂപ്പില്‍ ചേര്‍ത്താണ് തട്ടിപ്പ് നടത്തിയത്. ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യിപ്പിച്ച് ഷെയര്‍ ട്രേഡിങ്ങ് നടത്തുന്നതിനുള്ള ലിങ്കും ട്രേഡിങ്ങ് നടത്തുന്നതിനുള്ള നിര്‍ദേശങ്ങളും ഗ്രൂപ്പ് അഡ്മിന്‍മാര്‍ പല ദിവസങ്ങളിലായി അയച്ചുകൊടുത്തിരുന്നു.
അഡ്മിന്‍മാര്‍ അയച്ചു നല്‍കുന്ന ഓഹരി വ്യാപാരം നടത്താനുള്ള ലിങ്ക് ഉപയോഗിച്ച് വ്യാപാരം നടത്തണം. ഇത്തരത്തില്‍ ഷെയര്‍ ട്രേഡിങ്ങ് നടത്തിച്ച് 2024 സെപ്റ്റംബര്‍ 22 മുതല്‍ ഒക്‌ടോബര്‍ 31 വരെ ഓഹരി വ്യാപാരം നടത്തിയ പരാതിക്കാരന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ ചെക്ക് ഉപയോഗിച്ച് പണം പിന്‍വലിക്കാന്‍ ഇടനിലക്കാരനായി അസ്റ്റല്‍ നിന്നിരുന്നു. നഷ്ടപ്പെട്ട പണത്തിലുള്‍പ്പെട്ട ഒമ്പതു ലക്ഷം രൂപ ഇരിങ്ങാലക്കുടയിലെ ഒരു പ്രമുഖ ബാങ്കിലെ ബ്രാഞ്ചില്‍നിന്നും എട്ട് ലക്ഷത്തി അമ്പതിനായിരം രൂപ കൊമ്പൊടിഞ്ഞാമാക്കലുള്ള ഒരു പ്രമുഖ ബാങ്കിലെ ബ്രാഞ്ചില്‍നിന്നും പിന്‍വലിക്കുന്നതിന് ഇടനിലക്കാരനായിനിന്ന് ചെക്ക് ഉപയോഗിച്ച് പിന്‍വലിച്ച് തട്ടിപ്പുകാര്‍ക്ക് നല്‍കുകയും അതിന്റെ കമ്മീഷനായി പതിനായിരം രൂപ രണ്ടുതവണകളായി കൈപ്പറ്റി തട്ടിപ്പിന് കൂട്ടുനിന്നതിനാണ് ആസ്റ്റല്‍ ഡേവിഡിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാറിന്റെ നിര്‍ദേശപ്രകാരം ഡി സി ആര്‍ ബി ഡി വൈ എസ് പി സുരേഷ് എസ് വൈ, സൈബര്‍ എസ് എച്ച് ഒ. വര്‍ഗീസ് അലക്‌സാണ്ടര്‍, എസ് ഐ ബെന്നി ജോസഫ്, എസ് ഐ ജോബി ശങ്കുരിക്കല്‍, ജി എ എസ് ഐ അനൂപ്, ജി എ എസ് ഐ അനൂപ്, ജി എസ് സി പി ഒ അജിത്ത് കുമാര്‍, സി പി ഒ. അനീഷ്, സി പി ഒ സുധീപ് എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ ആസ്റ്റലിനെ റിമാന്‍ഡ് ചെയ്തു.