Uncategorized

കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ കഞ്ചാവ് പിടിച്ച കേസ്; പ്രതികളായ മൂന്ന് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

കൊച്ചി: കളമശ്ശേരി ഗവൺമെന്റ് പോളിടെക്നിക് കോളേജിൻ്റെ ബോയ്സ് ഹോസ്റ്റലിൽ നിന്നും കഞ്ചാവ് കണ്ടെത്തിയ കേസിൽ പ്രതികളായ മൂന്ന് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ സൗകര്യം ഒരുക്കും. ആദിത്യൻ, ആകാശ്, അഭിരാജ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് പിടികൂടിയ പ്രതികളിൽ ആദിത്യൻ, അഭിരാജ് എന്നിവരെ സ്റ്റേഷൻജാമ്യത്തിൽ വിട്ടിരുന്നു. സംഭവത്തിൽ അന്വേഷണത്തിനായി നാല് അധ്യാപകരെ ഉൾപ്പെടുത്തി കോളേജ് പ്രത്യേക അന്വേഷണ കമ്മീഷനെയും നിയോ​ഗിച്ചിട്ടുണ്ട്.

കളമശ്ശേരി പോളിടെക്നിക് ബോയ്സ് ഹോസ്റ്റലിൽ ഇന്നലെരാത്രി മുതൽ ആരംഭിച്ച റെയ്ഡിലാണ് രണ്ട് കിലോയോളം വരുന്ന കഞ്ചാവ് പിടികൂടിയത്. രാത്രി ഒൻപതി മണിക്ക് തുടങ്ങിയ റെയ്ഡ് ഇന്ന് പുലർച്ചെ നാല് മണി വരെ നീണ്ടു. റെയ്ഡിനെ തുടർന്ന് മൂന്ന് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസിനെ കണ്ടതോടെ മൂന്ന് പേ‍ർ ഓടി രക്ഷപെട്ടിരുന്നു. പരിശോധനയിൽ കണ്ടെടുത്ത കഞ്ചാവ് ഹോളി ആഘോഷത്തിനായി എത്തിച്ചതാണെന്നാണ് പൊലീസിന്റെ നി​ഗമനം. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടവർക്കായി അന്വേഷണം പുരോ​ഗമിക്കുകയാണ്. കഞ്ചാവ് എത്തിച്ച് നൽകിയത് ആരെന്ന് കണ്ടെത്താനും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് ഹോസ്റ്റലിൽ മിന്നൽ പരിശോധന നടത്തിയത്. കൂടുതൽ വിദ്യാർത്ഥികൾക്ക് ഇതിൽ പങ്കുണ്ടോ എന്നും അന്വേഷിക്കും. തൃക്കാക്കര എസിപിയുടേയും, നാർക്കോട്ടിക് സെൽ വിഭാ​ഗത്തിൻ്റെയും സംയുക്ത പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.

ഹോസ്റ്റലിൽ നിന്നും കഞ്ചാവ് കണ്ടെടുത്ത സംഭവത്തിൽ പുറത്തുനിന്നുള്ളവരുടെ പങ്കുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ടെന്ന് തൃക്കാക്കര എസിപി പി വി ബേബി മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ പൂർവ്വ വിദ്യാർത്ഥികളുടെ പങ്കുണ്ടെന്ന് കരുതുന്നുവെന്നും എസിപി വ്യക്തമാക്കി. ക്യാംപസിനകത്തും പുറത്തും ഉള്ളവർക്ക് പങ്കുണ്ടെന്നാണ് പ്രാഥമിക വിവരം. പൂർവ വിദ്യാർഥികളുടെ പങ്കിൽ കൂടുതൽ അന്വേഷണം വേണം. എത്തിച്ചവരുമായി ബന്ധപ്പെട്ട സൂചന ലഭിച്ചിട്ടുണ്ട്. ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്കും വ്യക്തമായ പങ്കുണ്ട്. അതല്ലാതെ കോളേജിലേക്ക് പുറമെ നിന്നൊരാൾക്ക് പ്രവേശിക്കാൻ കഴിയില്ല. വിദ്യാർഥികളുടെ രാഷ്ട്രീയത്തെക്കുറിച്ച് പരിശോധിച്ചിട്ടില്ലെന്നും പരിശോധിക്കപ്പെടേണ്ട കാര്യമാണെന്നും പി വി ബേബി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button