Uncategorized

ഞങ്ങളെന്തിന് ഒളിവിൽ പോവണം, ഭക്ഷണം കഴിക്കാൻ പോയതാണ്’; എസ്എഫ്ഐ ആരോപണം തള്ളി ആദിലും ആനന്തുവും

കൊച്ചി: കളമശ്ശേരിയിൽ പോളിടെക്നിക് കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകരുടെ ആരോപണം തള്ളി കെഎസ്‍യു പ്രവര്‍ത്തകരായ ആദിലും ആനന്തുവും. ഒളിവിൽ പോയിട്ടില്ലെന്ന് എസ്എഫ്ഐ ആരോപണം ഉന്നയിച്ച ആദിലും ആനന്തുവും മാധ്യമങ്ങളോട് പറഞ്ഞു. ഭക്ഷണം കഴിക്കാൻ പുറത്ത് പോയതാണെന്നാണ് ആദിൽ പറയുന്നത്. ഹോസ്റ്റലിൽ അല്ല താമസിക്കുന്നതെന്നും കഞ്ചാവ് പിടികൂടുന്ന സമയത്ത് പാര്‍ട്ട് ടൈം ജോലിയായ പോട്ടർ ഓൺലൈൻ സാധന വിതരണത്തിന് പോയിരിക്കുകയായിരുന്നു എന്നാണ് അനന്തു പറയുന്നത്.

ഞങ്ങള്‍ ഓടി രക്ഷപ്പെട്ടു എന്നാണ് എസ്എഫ്ഐ ആരോപിക്കുന്നത്. ഞങ്ങളെന്തിന് രക്ഷപ്പെടണം, കൂട്ടുകാരനൊപ്പം ഭക്ഷണം കഴിക്കാൻ പോയതാണെന്നാണ് ആദിൽ പറയുന്നത്. കെഎസ്‍യുവിന് വേണ്ടി മത്സരിച്ചിരുന്നു. രാഷ്ട്രീയ വിരോധമാണോ എസ്എഫ്ഐയുടെ ആരോപണത്തിന് പിന്നിലെന്ന് സംശയിക്കുന്നുവെന്ന് ആദിലും ആനന്തുവും മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ പിടിയിലായ ആകാശ് കഞ്ചാവ് ഉപയോഗിക്കില്ലെന്നും ആരെങ്കിലും കേസില്‍പ്പെടുത്തിയതാണോ എന്ന് സംശയിക്കുന്നുണ്ടെന്നും ആദില്‍ പറയുന്നു. ആകാശിന്‍റെ മുറിയിലാണ് ആദിലും താമസിക്കുന്നത്.

അതേസമയം, കേസിൽ പിടിയിലായ കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി അഭിരാജിനെ സംരക്ഷിക്കുകയാണ് എസ്‍എഫ്‍ഐ. അഭിരാജിനെ ഭീഷണിപ്പെടുത്തി പൊലീസ് കേസെടുത്തതാണെന്ന് എസ്എഫ്ഐ ഏരിയ പ്രസിഡന്റ് ദേവരാജ് ആരോപിച്ചു. അഭിരാജ് സിഗരറ്റ് പോലും ഉപയോഗിക്കുന്ന ആളല്ല. കെഎസ്‍യു നേതാവിന്റെ മുറിയിൽ നിന്നാണ് രണ്ട് കിലോയോളം കഞ്ചാവ് പിടികൂടിയത്. അറസ്റ്റിലായ ആകാശിനൊപ്പം കെഎസ്‍യു നേതാവ് ആദിലാണ് മുറിയിൽ താമസിക്കുന്നത്. ഒളിവിൽ പോയ ആദിൽ കെഎസ്യുവിനായി മത്സരിച്ച വിദ്യാർത്ഥിയാണെന്നും ഇതുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button