Uncategorized

‘ഭർത്താവുമായി പിണങ്ങി കഴിയുകയാണ്, പൂജ വേണം’; ജോത്സ്യനെ ഹണിട്രാപ്പിലാക്കിയത് മൈമൂന, പണം തട്ടിയ 2 പേർ പിടിയിൽ

കൊഴിഞ്ഞാമ്പാറ: പാലക്കാട് കൊഴിഞ്ഞമ്പാറയിൽ ജോത്സ്യനെ ഹണി ട്രാപ്പിൽപ്പെടുത്തി കവർച്ച നടത്തിയ സംഭവത്തിൽ ഒരു സ്ത്രീയടക്കം രണ്ട് പേർ പിടിയിൽ. കൊഴിഞ്ഞാമ്പാറ, കല്ലാണ്ടിച്ചള്ളയിലെ വീട് കേന്ദ്രീകരിച്ച് നടത്തിയ ഹണീ ട്രപ്പ് കവർച്ചയിൽ മലപ്പുറം, മഞ്ചേരി സ്വദേശിനി ഗൂഡലൂർ താമസിക്കുന്ന മൈമുന (44), കുറ്റിപ്പള്ളം, പാറക്കാൽ എസ്. ശ്രീജേഷ് (24) എന്നിവരെയാണ് കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടിയത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. കൊല്ലങ്കോട് സ്വദേശിയായ ജ്യോത്സ്യനാണ് തട്ടിപ്പിനിരയായത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്: ചൊവ്വാഴ്ച വൈകുന്നേരം മൈമുനയും മറ്റൊരു യുവാവും ചേർന്ന് കൊല്ലങ്കോട്ടിലെ ജോത്സ്യന്റെ വീട്ടിലെത്തി. താൻ ഭർത്താവുമായി പിണങ്ങി കഴിയുകയാണെന്നും വീട്ടിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്നും പൂജ ചെയ്ത് പരിഹാരം കാണണമെന്നും പറഞ്ഞ് വീട്ടിലേക്ക് ക്ഷണിച്ചു അതനുസരിച്ച് ബുധനാഴ്ച രാവിലെ 11 മണിയോടെ കൊഴിഞ്ഞാമ്പാറയിൽ എത്തിയ ജോത്സ്യനെ രണ്ട് യുവാക്കൾ ചേർന്ന് കല്ലാണ്ടിച്ച ള്ളയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. കൊലപാതകം ഉൾപ്പെടെ വിവിധ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ എൻ.പ്രതീഷിന്‍റെ (37) വീട്ടിലേക്കാണ് കൊണ്ടുപോയത്.

പൂജ ചെയ്യുന്നതിനുള്ള ഒരുക്കങ്ങൾക്കിടെ പ്രതീഷ് അസഭ്യം പറഞ്ഞ് ജോത്സ്യനെ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും മർദ്ദിച്ച് വിവസ്ത്രനാക്കുകയും ചെയ്തു. ശേഷം നഗ്നയായി മുറിയിലെത്തിയ മൈമുനയെ ജ്യോത്സ്യനൊപ്പം നിർത്തി ഫോട്ടോയും വീഡിയോയും ചിത്രീകരിച്ചു. ശേഷം ജ്യോത്സ്യന്‍റെ കഴുത്തിലുണ്ടായിരുന്ന നാലര പവൻ വരുന്ന സ്വർണ്ണ മാലയും മൊബൈൽ ഫോണും , 2000 രൂപയും കൈക്കലാക്കി. ഇതിന് പുറമേ ഇരുപത് ലക്ഷം രൂപ ആവശ്യപ്പെടുകയും തന്നില്ലെങ്കിൽ സമൂഹമാധ്യമങ്ങളിലും ബന്ധുക്കൾക്കും അയച്ചുകൊടുക്കുമെന്നും പ്രതികൾ ജോത്സ്യനെ ഭീഷണിപ്പെടുത്തി. അല്പ സമയത്തിനുശേഷം ഇവർ പുറത്തുപോയ തക്കത്തിന് പുറകുവശത്തെ വാതിലിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു എന്നാണ് ജോത്സ്യൻ കൊഴിഞ്ഞാമ്പാറ പൊലീസിൽ നൽകിയ മൊഴിയിൽ പറയുന്നത്.

സംഭവം പുറത്തുവന്നത് ചിറ്റൂർ പൊലീസ് മറ്റൊരു പ്രതിയെ തേടി സ്ഥലത്തെത്തിയപ്പോഴാണ്. ഞായറാഴ്ച ചിറ്റൂർ സ്റ്റേഷൻ പരിധിയിൽ നടന്ന അടിപിടിയുമായി ബന്ധപ്പെട്ട പ്രതിയുടെ മൊബൈൽ ലൊക്കേഷൻ തെരഞ്ഞെത്തിയതായിരുന്നു ചിറ്റൂർ പൊലീസ്. ഈ സമയം പോലീസിനെ കണ്ട് വീട്ടിലുണ്ടായിരുന്നവർ നാലു ഭാഗത്തേക്കും ചിതറിയോടി. പൊലീസും പുറകെ ഓടിയെങ്കിലും അവർ തെരഞ്ഞെത്തിയ പ്രതിയെ കിട്ടിയില്ല. വീടിനകത്ത് നടന്ന സംഭവം അറിയാതെ ചിറ്റൂർ പൊലീസ് തിരികെ പോയി. തട്ടിപ്പ് സംഘത്തിൽ ഉണ്ടായിരുന്നവർ വീട്ടിൽ നിന്നും ചിതറി ഓടിയ തക്കത്തിലാണ് ജോത്സ്യൻ രക്ഷപ്പെട്ടത്. ചിതറി ഓടിയ സ്ത്രീകളിൽ ഒരാൾ മദ്യലഹരിയിൽ റോഡിൽ വീണു കിടക്കുന്നത് കണ്ട് ചോദ്യം ചെയ്ത നാട്ടുകാരെ അസഭ്യം പറഞ്ഞതോടെയാണ് കള്ളി വെളിച്ചത്താവുന്നത്.

സ്ത്രീ മദ്യലഹരിയിലുള്ള വിവരം നാട്ടുകാർ കൊഴിഞ്ഞാമ്പാറ പൊലീസിനെ അറിയിക്കുകയും, പൊലീസ് സ്ഥലത്തെത്തി തുടർന്ന് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. ഇതിനിടെ രക്ഷപ്പെട്ട് വീട്ടിലെത്തിയ ജ്യോത്സ്യൻ പരാതി നൽകാനായി കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിൽ എത്തി. കൊല്ലങ്കോട് പൊലീസിന്‍റെ നിർദ്ദേശപ്രകാരം കൊഴിഞ്ഞാമ്പാറ പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ മൈമുനയും മറ്റൊരു സത്രീയും ഉൾപ്പെടെ ഒമ്പത് പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. മറ്റുള്ളവർക്കായി തിരച്ചിൽ ഊർജിതമാക്കിയതായി കൊഴിഞ്ഞാമ്പാറ പൊലീസ് അറിയിച്ചു.

കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പ്രതീഷിന്‍റെ വീട്ടിൽ വച്ചാണ് സംഭവം നടന്നത്. കവർച്ചയുടെ മുഖ്യ ആസൂത്രകൻ പ്രതീഷാണെന്നാണ് സൂചനയെന്നാണ് പൊലീസ് പറഞ്ഞു. ചിറ്റൂർ പൊലീസിനെ കണ്ട് ഭയന്നോടിയ പ്രതികളിലൊരാൾ വീണ് കാലിന് പരിക്ക് പറ്റി വിളയോടിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. മീനാക്ഷിപുരം സി.ഐ. എം.ശശിധരൻ, കൊഴിഞ്ഞാമ്പാറ ഗ്രേഡ് എസ്ഐ.മാരായ എം. മുഹമ്മദ് റാഫി, എം.നാസ്സർ, എഎസ്ഐ. എൻ. സൈറാബാനു, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എം.കലാധരൻ, സി.രവീഷ്, ആർ.രതീഷ്, എച്ച് ഷിയാവുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button