വെള്ളം കയറുമ്പോൾ വീടും ഉയരും; കുട്ടനാട്ടിൽ ആദ്യ ഫ്ലോട്ടിംഗ് വീട് നിര്‍മ്മാണം അന്തിമഘട്ടത്തില്‍

ആലപ്പുഴ: കാലാവസ്ഥ വ്യാതിയാനങ്ങളെ അതീജിവിക്കുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്ത ആദ്യ ഫ്ലോട്ടിങ് വീട് കുട്ടനാട്ടില്‍ യാഥാര്‍ത്ഥ്യമാകുന്നു. മങ്കൊമ്പ് ചെറിയമഠത്തിൽ വരുൺ രാമകൃഷ്ണനുവേണ്ടിയാണ് കുട്ടനാട്ടിലെ ആദ്യ ഫ്ലോട്ടിങ് വീട് നിർമ്മിക്കുന്നത്. രാജ്യത്തെ ആദ്യ ഫ്ലോട്ടിങ് സോളർ യൂണിറ്റ് ഉൾപ്പെടെ നിർമ്മിച്ച ട്രാൻസ്‍ബിൽഡ് ഡ്വെലിങ് എന്ന സ്ഥാപനത്തിന്റെ നേതൃത്വത്തിലാണ് നിർമാണം. ഉള്ളു പൊള്ളയായ അടിത്തറയും കനം കുറഞ്ഞ ഭിത്തികളും മേൽക്കൂരയുമാണ് വീടിന്റെ പ്രത്യേകത.
ഇതുമൂലം ജലനിരപ്പ് ഉയരുന്നതിനനുസരിച്ചുവീടും ഉയരുമെന്നു നിർമ്മാതാക്കൾ പറയുന്നു. ജലനിരപ്പ് താഴുന്നതിനനുസരിച്ചു വീട് താഴ്ന്നുവന്ന് അതേ സ്ഥാനത്തിരിക്കും. വശങ്ങളിലേക്ക് ഒഴുകിപ്പോകാതിരിക്കാൻ നാലുവശത്തും ആങ്കർ സ്ഥാപിക്കും. അടിത്തറയ്ക്കു ഫെറോസിമന്റും ഭിത്തികൾക്ക് ഇപിഎസ് പാനലും മേൽക്കുരയ്ക്കു ലാറ്റക്സ് കോൺക്രീറ്റുമാണ് ഉപയോഗിക്കുന്നത്. മണ്ണ് നിരപ്പാക്കി പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് അതിനു മുകളിലാണ് 1.2 മീറ്റർ ഉയരമുള്ള അടിത്തറ നിർമിച്ചത്. ഫെറോസിമന്റ് ഉപയോഗിച്ചു നിർമിക്കുന്ന അടിത്തറയുടെ ഉള്ളിൽ പൊള്ളയായ 74 അറകൾ.
90 മില്ലിമീറ്റർ കനമുള്ള തെർമോകോളിനു പുറത്ത് ഫെറോസിമന്റ് ഉപയോഗിച്ചാണ് ഭിത്തി. മേൽക്കൂര നിർമിക്കാൻ ഉപയോഗിക്കുന്ന ലാറ്റക്സ് കോൺക്രീറ്റിലെ ഗ്രാഫീന്റെ സാന്നിധ്യം ചൂടിനെ പ്രതിരോധിക്കും. വീടിനുള്ളിൽ പുറത്തുള്ളതിനേക്കാൾ 10 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കുറവായിരുന്നുമെന്നു നിർമാതാക്കൾ പറയുന്നു. ഒരു ചതുരശ്ര അടിക്ക് 3000–3500 രൂപ വരെയാണ് നിർമാണച്ചെലവ്. 1100 ചതുരശ്ര അടിയുള്ള വീട്ടിൽ ശുചിമുറിയോടു കൂടിയ രണ്ട് കിടപ്പുമുറികൾ, ഹാൾ, അടുക്കള വർക്ക് ഏരിയ എന്നിവയുണ്ട്. ട്രാൻസ്ബിൽഡ് ഡ്വെലിങ് എംഡിയും മങ്കൊമ്പ് സ്വദേശിയുമായ എം ആർ നാരായണനാണ് ഈ നിർമ്മാണരീതി വികസിപ്പിച്ചെടുത്തത്.