ഇത് ചരിത്രം, കൈക്കാരന്മാരിൽ ഇനി വനിതയും; മാറ്റത്തിന് തുടക്കം കുറിച്ച് പൂങ്കാവ് ഇടവക

ആലപ്പുഴ: പുരുഷൻമാർ മാത്രം ചുമതല വഹിച്ചിരുന്ന കൈക്കാരന്മാരുടെ ഇടയിലേക്ക് വനിതയെ തെരഞ്ഞെടുത്ത് വിപ്ലവകരമായ മാറ്റത്തിനു തുടക്കമിട്ട് പൂങ്കാവ് ഇടവക. പൂങ്കാവ് ഔവർ ലേഡി ഓഫ് അസെംപ്ഷൻ പള്ളിയിൽ മൂന്നുകൈക്കാരരിൽ ഒന്ന് വനിതയാണ്. പള്ളിയിൽ നടന്ന ചടങ്ങിൽ മറ്റു രണ്ട് പുരുഷന്മാർക്കൊപ്പം പൂങ്കാവ് വടക്കൻ പറമ്പ് വീട്ടിൽ സുജാ അനിൽ (39) സത്യപ്രതിജ്ഞചെയ്ത് ചുമതലയേറ്റു. കെഎൽസി ഇടവക സെക്രട്ടറിയും മാരാരിക്കുളം തെക്ക് പഞ്ചായത്ത് 11-ാം വാർഡിലെ മുൻ ജനപ്രതിനിധിയുമാണ് സുജാ അനിൽ. പള്ളിക്കത്തയ്യിൽ എൻ ഡി സെബാസ്റ്റ്യൻ, പള്ളിപ്പറമ്പിൽ മനോജ് എന്നിവരാണ് മറ്റു കൈക്കാരന്മാർ.
പള്ളിവികാരി ഫാ. സേവ്യർ ചിറമേൽ കൈക്കാരരുടെ സ്ഥാനത്തേക്ക് വനിതയെക്കൂടി തെരഞ്ഞെടുക്കണമെന്ന് അജപാലകസമിതിയോട് നിർദേശിച്ചു. രണ്ടാഴ്ച മുൻപ് അജപാലകസമിതിയുടെ തീരുമാനം കൊച്ചി രൂപതയും അംഗീകരിച്ചു. പള്ളിയുടെ സാമ്പത്തികകാര്യങ്ങളിലും സ്ഥാവരജംഗമ വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിലും വികാരിയച്ചനെ സഹായിക്കുകയെന്നതാണ് കൈക്കാരരുടെ ജോലി. നിസ്വാർഥ സേവനമായി രണ്ടുവർഷത്തേക്കാണ് ചുമതല. 24 അംഗ അജപാലകസമിതിയിൽ മൂന്നുസ്ത്രീകളുമുണ്ട്.