Uncategorized

കടലാസ് വീണാല്‍ പോലും എടുത്തുമാറ്റുന്ന ജാഗ്രത; മാലിന്യം കൊണ്ട് വീര്‍പ്പുമുട്ടുന്ന നഗരങ്ങൾക്ക് ബത്തേരിയുടെ മാതൃക

സുൽത്താൻ ബത്തേരി: മാലിന്യം കൊണ്ട് വീര്‍പ്പുമുട്ടുന്ന നഗരങ്ങള്‍ക്ക് എന്നും മാതൃകയാണ് വയനാട്ടിലെ സുല്‍ത്താൻ ബത്തേരി. ഒരു നഗരസഭയും നാട്ടുകാരും ഒന്നിച്ച് നടത്തിയ പരിശ്രമമാണ് രാജ്യത്തെ തന്നെ മികച്ച ശുചിത്വ നഗരങ്ങളില്‍ ഒന്നാക്കി ബത്തേരിയെ മാറ്റിയത്. പഞ്ചായത്ത് മാറി നഗരസഭ ആയതുമുതലാണ് ശുചിത്വത്തില്‍ ഉന്നത നിലവാരം വേണമെന്ന തീരുമാനം ബത്തേരി കൈക്കൊണ്ടത്. അന്ന് നഗരസഭാ അധ്യക്ഷനും സിപിഎം നേതാവുമായിരുന്ന സി കെ സഹദേവൻ മുൻകൈയ്യെടുത്തു. പിന്നീട് നടന്നത് ചരിത്രമായിരുന്നു

പുലർച്ചെ ഒന്നര മണിയോടെ നഗരം പതിയെ ഉറങ്ങുമ്പോള്‍ തൊഴിലാളികളെത്തും. രാവിലെ വരെ നീളുന്ന ശുചീകരണം. വീണു കിടക്കുന്ന ചപ്പുചവറുകള്‍ വാരുന്നത് മുതല്‍ നഗരത്തിന്റെ സൗന്ദര്യവത്കരണത്തിനായുള്ള ചെടികള്ക്ക് വെള്ളമൊഴിക്കുന്നത് വരെ നീളുന്ന ജോലികള്‍ ഇതിൽപ്പെടുന്നു. പകലും നഗരം മുഴുവൻ നിരീക്ഷിക്കാനും ആളുണ്ടാകും. ഒരു കടലാസ് വീണാല്‍ എടുത്ത് മാറ്റുന്ന ജാഗ്രതയോടെയാണ് പ്രവർത്തനം. കേവലം നഗരസഭ ജീവനക്കാർ മാത്രമല്ല. ബത്തേരിയിലെ ശുചിത്വം ഉത്തരവാദിത്വമായി ഏറ്റെടുത്ത നിരവധി കച്ചവടക്കാർ ഉള്‍പ്പെടെയുള്ളവരുടെ ജാഗ്രത കൂടി ഉണ്ട് ക്ലീൻ സിറ്റിയെന്ന ബത്തേരിയുടെ പകിട്ടിന്. ആദ്യമൊക്കെ ലോഡ് കണക്കിന് മാലിന്യങ്ങള്‍ കയറ്റേണ്ടിയിരുന്നുവെങ്കില്‍ ഇന്നത് വളരെ കുറ‍ഞ്ഞുവെന്ന് നഗരസഭ അധികൃതർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. പ്രയ്തനം ഫലം കാണുന്നതിന്റെ തെളിവാണിത്.

നഗരത്തില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യം രണ്ട് തരത്തിലാണ് സംസ്കരിക്കുന്നത്. ജൈവ മാലിന്യമെല്ലാം കരുവള്ളിക്കുന്നില്‍ സംസ്കരിക്കുന്നു. പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ വേർതിരിച്ച് ഹരിത കർമ്മസേന ശേഖരിക്കുന്നതിനൊപ്പം കൊനാരിസ് എന്ന കമ്പനിയുമായി സഹകരിച്ചാണ് ഇവ സംസ്കരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button