കർഷകരുടെ വിയർപ്പുവീണ താളിപ്പാറയിൽ ഇന്ന് ആളനക്കമില്ല; പണമില്ലാതെ നവകിരണം പദ്ധതി വഴിമുട്ടി, കർഷകർ ദുരിതത്തിൽ

കോഴിക്കോട്: സര്‍ക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധിയില്‍ വഴിമുട്ടി വനാതിര്‍ത്തികളിലെ പുനരധിവാസവും. മനുഷ്യമൃഗ സംഘര്‍ഷം രൂക്ഷമായ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനായി പ്രഖ്യാപിച്ച നവകിരണം പദ്ധതിയാണ് പണം കിട്ടാതെ ഇഴഞ്ഞു നീങ്ങുന്നത്. വനംവകുപ്പിന് വീടും കൃഷിഭൂമിയും കൈമാറി മലയിറങ്ങിയ പലരും ഇന്ന് വാടക വീടുകളില്‍ ദുരിത ജീവിതം നയിക്കുകയാണ്. കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്തിലെ മലയോര ഗ്രാമമായ താളിപ്പാറയിൽ ആളനക്കം നിലച്ചിട്ട് നാളേറെയായി. കുടിയേറ്റ കര്‍ഷകരുടെ വിയര്‍പ്പേറെ വീണ താളിപ്പാറ ഇന്ന് ഒരു വനമായി മാറിയിരിക്കുന്നു. എങ്കിലും ഒരു കാലത്തിന്‍റെ അവശേഷിപ്പുകളായി അനാഥമായി കിടക്കുന്ന വീടുകളും കെട്ടിടങ്ങളും അങ്ങിങ്ങായി കിടക്കുന്നത് കാണാം. വന്യമൃഗശല്യത്താല്‍ പൊറുതിമുട്ടിയിരുന്നവര്‍ക്ക് വലിയ പ്രതീക്ഷ നല്‍കിയ പദ്ധതിയായിരുന്നു 2019ല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നവകിരണം.
കുടുംബം ഒന്നിന് 15ലക്ഷം രൂപ നല്‍കി ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കും. ഗൃഹനാഥനും ഗൃഹനാഥയ്ക്കുമൊപ്പം പ്രായപൂര്‍ത്തിയായ മക്കളുണ്ടെങ്കിൽ അവരെ വേറെ കുടുംബമായി പരിഗണിച്ച് ഇതേ തുക നല്‍കും. ഭൂരിഭാഗം പേരും ഈ പദ്ധതിയുമായി സഹകരിക്കുകയും സ്ഥലം വനംവകുപ്പിന് എഴുതി നല്‍കുകയും ചെയ്തു. എന്നാല്‍, 53 പേര്‍ ഈ ഗ്രാമത്തില്‍ നിന്ന് കുടിറങ്ങിയപ്പോള്‍ 21 പേര്‍ക്ക് മാത്രമാണ് പണം കിട്ടിയത്. പണം കിട്ടാത്തവര്‍ ചോര്‍ന്നൊലിക്കുന്ന വാടക വീടുകളിൽ ദുരിതജീവിതം നയിക്കുകയാണ്.
മഹാപ്രളയശേഷം സര്‍ക്കാര്‍ രൂപം നല്‍കിയ റീബില്‍ഡ് കേരള ഇനീഷ്യേറ്റീവായിരുന്നു പദ്ധതിക്കായി ആദ്യം ഫണ്ട് നല്‍കിയത്. എന്നാല്‍, 120 ഓളം കുടുംബങ്ങള്‍ക്ക് ആദ്യ ഗഡു തുക നല്‍കിയപ്പോള്‍ തന്നെ റീബില്‍ഡ് കേരള ഫണ്ടിന് ക്ഷാമമായി. തുടര്‍ന്ന് കിഫ്ബി സഹായത്തോടെയായി പദ്ധതിയുടെ മുന്നോട്ട് പോക്ക്. കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍ക്കിടെ എഴുന്നൂറോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചതായാണ് നവകിരണം പദ്ധതി ചുമതലക്കാരുടെ കണക്ക്. എന്നാല്‍, അതിലേറെ കുടുംബങ്ങള്‍ വിവിധ ഗ്രാമങ്ങളില്‍ പ്രാണഭയത്തോടെ ഇപ്പോഴും ജീവിതം തളളി നീക്കുന്നു. സര്‍ക്കാരിന്‍റെ വാക്ക് വിശ്വസിച്ച് വര്‍ഷങ്ങളായി ജീവിച്ചും കൃഷി ചെയ്തും വന്ന മണ്ണ് വനംവകുപ്പിനും വന്യജീവികള്‍ക്കുമായി കൈമാറി കുടിയിറങ്ങിയ കര്‍ഷകരുടെ കണ്ണീരില്‍ വനംവകുപ്പ് ജീവനക്കാര്‍ക്കും വേദനയുണ്ട്. സര്‍ക്കാര്‍ ഫണ്ട് കിട്ടുന്ന മുറയ്ക്ക് എല്ലാം ശരിയാകുമെന്ന പ്രതീക്ഷയാണ് അവര്‍ പങ്കുവയ്ക്കുന്നത്.