Uncategorized

ഒമാനിൽ സൂപ്പർമാർക്കറ്റ് ജീവനക്കാരൻ, ആഷിക് കരിപ്പൂർ ഇറങ്ങിയപ്പോൾ കൊച്ചി പൊലീസ് മലപ്പുറത്ത്; നിർണായക അറസ്റ്റ്

മലപ്പുറം: കൊച്ചി വിമാനത്താവളം വഴിയുള്ള ലഹരി കടത്തിന്‍റെ മുഖ്യസൂത്രധാരനെ പൊലീസ് പിടികൂടി. മലപ്പുറം നെടിയിരുപ്പ് സ്വദേശിയായ ആഷിക്കിനെയാണ് അറസ്റ്റ് ചെയ്തത്. പശ്ചിമ കൊച്ചിയിൽ ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎയും ഹാഷിഷ് ഓയിലും കഞ്ചാവും പിടികൂടിയ സംഘത്തിലെ പ്രധാന പ്രതിയാണ് ആഷിക്ക്. ഒമാനിൽ സൂപ്പർമാർക്കറ്റ് ജീവനക്കാരനായ പ്രതി മയക്കുമരുന്ന് കടത്ത് ആസൂത്രണം ചെയ്തു പലരിലൂടെയും കേരളത്തിൽ എത്തിക്കുകയായിരുന്നു.

ജനുവരിയിൽ കൊച്ചിയിൽ നടത്തിയ റെയ്ഡിൽ വൻ മയക്കുമരുന്ന് ശേഖരവുമായി മഹാരാഷ്ട്ര സ്വദേശിനിയായ യുവതിയെയും മട്ടാഞ്ചേരി ഫോർട്ട് കൊച്ചി സ്വദേശികളായ അഞ്ച് യുവാക്കളെയും പൊലീസ് പിടികൂടിയിരുന്നു. ഇവരിൽനിന്ന് കണ്ടെത്തിയ എംഡിഎംഎയ്ക്ക് മാത്രം വിപണിയിൽ 44 ലക്ഷത്തിലധികം രൂപ വിലയുണ്ട്. കൊച്ചി വിമാനത്താവളത്തിലൂടെയാണ് ലഹരിക്കടതെന്ന് പൊലീസ് മനസ്സിലാക്കി. മയക്കുമരുന്ന് കൊച്ചിയിൽ എത്തിച്ചിരുന്ന രണ്ട് പ്രതികളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അവരിൽ നിന്നാണ് ലഹരി കടത്തിന്റെ ഉറവിടം കണ്ടെത്താനായത്. ആഷിക് നാട്ടിലെത്തിയ വിവരം അറിഞ്ഞു മട്ടാഞ്ചേരിയിൽ നിന്നുള്ള പോലീസ് സംഘം മലപ്പുറത്തെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതോടെ കേസിലെ പ്രതികളായ ഒൻപത് പേരെയും പൊലീസ് അറസ്റ്റുചെയ്തു.

കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യയുടെയും ഡെപ്യൂട്ടി കമ്മീഷണർ അശ്വതി ജിജിയുടെയും നേതൃത്വത്തിൽ മട്ടാഞ്ചേരി അസിസ്റ്റൻറ് കമ്മീഷണർ ഉമേഷ് ഗോയൽ, നർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മീഷണർ കെ എ അബ്ദുൽസലാം, മട്ടാഞ്ചേരി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ എ ഷിബിൻ എന്നിവരുടെ നിർദ്ദേശാനുസരണം സബ് ഇൻസ്പെക്ടർമാരായ ജിമ്മി ജോസ്, മിഥുൻ അശോക്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എഡ്വിൻ റോസ് വി എ, ധനീഷ് വി ഡി, അനീഷ് കെ ടി, സിവിൽ പൊലീസ് ഓഫീസർമാരായ ബേബിലാൽ എം എന്നിവരുടെ അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button