Uncategorized

വിമാനത്താവളത്തിൽ വയോധികക്ക് വീൽചെയർ നിഷേധിച്ച സംഭവം; വിശദീകരണവുമായി എയർഇന്ത്യ, യാത്രക്കാരി വന്നത് വൈകി

ദില്ലി: ദില്ലി വിമാനത്താവളത്തിൽ വയോധികയ്ക്ക് വീൽചെയര്‍ നിഷേധിച്ച സംഭവത്തിൽ വിശദീകരണവുമായി എയര്‍ ഇന്ത്യ. എയർ ഇന്ത്യ അധികൃതർ ദില്ലി വിമാനത്താവളത്തിൽ മുൻകൂട്ടി ബുക് ചെയ്ത വീൽ ചെയർ നൽകാത്തതിനെ തുടർന്ന് നടക്കാൻ ശ്രമിക്കുന്നതിനിടെ വീണ് വയോധികയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്നാണ് പരാതി. വയോധിക ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ഈ സംഭവത്തിലാണ് എയര്‍ ഇന്ത്യ ഇപ്പോള്‍ വിശദീകരണവുമായി രംഗത്തെത്തിയത്. യാത്രക്കാരി വന്നത് വൈകിയാണെന്നും തിരക്ക് കാരണം യാത്രക്കാരിയും ബന്ധുക്കള്‍ക്കും കാത്തിരുന്ന സമയത്ത് വീൽ ചെയര്‍ നൽകാനായില്ലെന്നും എയര്‍ ഇന്ത്യ വക്താവ് വാര്‍ത്താ ഏജന്‍സിയോട് വിശദീകരിച്ചു. വീൽ ചെയറിനായി ഒരു മണിക്കൂര്‍ കാത്തിരുന്നുവെന്ന വാദം തെറ്റാണ്.നടന്നുപോകാൻ യാത്രക്കാരി തന്നെ തീരുമാനിക്കുകയായിരുന്നു. വീണ് പരിക്കേറ്റപ്പോള്‍ വിമാനത്താവളത്തിൽ വെച്ച് തന്നെ പ്രാഥമിക ചികിത്സ നൽകി. യാത്ര തുടരാൻ ബന്ധുക്കള്‍ തന്നെ തീരുമാനിക്കുകയായിരുന്നു. വീൽ ചെയര്‍ ഒരിക്കൽ പോലും നിഷേധിച്ചിട്ടില്ലെന്നും എയര്‍ ഇന്ത്യ വക്താവ് വ്യക്തമാക്കി.

എയർ ഇന്ത്യക്കെതിരെ ​ഗുരുതര പരാതിയുമായി ബംഗളൂരുവിൽ താമസിക്കുന്ന വയോധികയുടെ കൊച്ചുമകള്‍ പാറുള്‍ കൻവര്‍ ആണ് രംഗത്തെത്തിയത്. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും എയർ ഇന്ത്യ വീല് ചെയർ നൽകിയില്ലെന്നും മുത്തശ്ശിക്ക് കൃത്യമായ ചികിത്സ ലഭിച്ചത് വിമാനത്തിൽ യാത്ര ചെയ്ത് ബം​ഗളൂരുവിലെത്തിയ ശേഷം മാത്രമാണെന്നും കൊച്ചുമകൾ പാറുൾ കൻവർ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. അന്തരിച്ച മുന് ഉന്നത സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യയാണ് 82 വയസുകാരിയായ പ്രസിച്ച രാജ്. ഈമാസം നാലിന് ദില്ലിയിൽ കൊച്ചുമകന്‍റെ വിവാ​ഹത്തിൽ പങ്കെടുത്ത് ബെ​ഗളൂരുവിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. ഇന്നലെയാണ് യുവതി കുറിപ്പ് എക്സിൽ പോസ്റ്റ് ചെയ്തത്. സംഭവത്തിൽ അന്വേഷണം തുടങ്ങിയ എയർ ഇന്ത്യ അധികൃതർ വിഷയം വളരെ ​ഗൗരവത്തിൽ പരിശോധിക്കുന്നതായി യുവതിയെ അറിയിച്ചു. ഡിജിസിഎയ്ക്കും യുവതി പരാതി നൽകിയിട്ടുണ്ട്. പരിക്കേറ്റ മുത്തശ്ശിയുടെ ചിത്രങ്ങൾ അടക്കം ഉൾപ്പെടുത്തിയുള്ള യുവതിയുടെ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button