പൊലീസിലെയും എക്‌സൈസിലെയും പുഴുക്കുത്ത് കളയാതെ ലഹരി തടയാനാകില്ല; ക്യാമ്പയിനില്‍ പങ്കെടുത്ത് പി വി അന്‍വര്‍

മുക്കം: ലഹരി അടിമുടി പിഴുതെറിയണമെന്ന് മുൻ എംഎല്‍എ പി വി അന്‍വര്‍. ജനം അതിന് തയ്യാറാണ്. എന്‍ഫോഴ്‌സ്‌മെന്റിനാണ് പ്രശ്‌നമെന്നും പി വി അന്‍വര്‍ പറഞ്ഞു. ‘പൊലീസിലെയും എക്‌സൈസിലെയും ചെറിയ വിഭാഗത്തിന്റെ പിന്തുണ ലഹരിക്കുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. പുഴുക്കുത്തുകള്‍ കണ്ടെത്തി എടുത്ത് മാറ്റണം. അത് നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിയാത്തിടത്തോളം കാലം ലഹരിയെ പൂര്‍ണ്ണമായും നീക്കാന്‍ വലിയ പ്രയാസം നേരിടും’, എന്നും പി വി അന്‍വര്‍ പറഞ്ഞു.
‘ലഹരിയും വേണ്ട ലഹളയും വേണ്ട’ എന്ന സന്ദേശവുമായാണ് റിപ്പോര്‍ട്ടര്‍ ടി വി കേരളത്തിലുടനീളം മഹാവാഹന റാലി സംഘടിപ്പിക്കുന്നത്. മലപ്പുറം മഞ്ചേരിയില്‍ നിന്നും ആരംഭിച്ച റാലി അരീക്കോട് പിന്നിട്ട് മുക്കത്തെത്തിയിരിക്കുകയാണ്. ഓമശ്ശേരി, താമരശ്ശേരി, കൊടുവള്ളി, കുന്നമംഗലം എന്നിവിടങ്ങളിലും ഇന്ന് റാലിക്ക് സ്വീകരണം ഒരുക്കും. കോഴിക്കോട് ബീച്ചില്‍ രാത്രി 8 മണിക്ക് മഹാസമ്മേളനം അവസാനിക്കും. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന മെഗാ ക്യാമ്പയിനാണ് റിപ്പോര്‍ട്ടര്‍ ടി വി തുടക്കമിടുന്നത്. അതത് പ്രദേശങ്ങളിലെ നാട്ടുകാരും ക്ലബുകളും ക്യാമ്പയിനിന്റെ ഭാഗമാകും. അതിന്റെ ആദ്യദിനമാണ് ഇന്ന്.