കണ്ണൂരിൽ മയക്കുമരുന്നുമായി യുവാവും യുവതിയും പിടിയിൽ

കണ്ണൂർ: മയക്കുമരുന്ന് വിൽപന കാരിയർമാരായ കമിതാക്കളെ കണ്ണൂരിൽ ലോഡ്‌ജിൽ നിന്ന് പോലീസ് പിടികൂടി.കണ്ണൂർ കാപിറ്റൽ മാളിന് സമീപത്തെ മുഴത്തടം റോഡിൽ പ്രവർത്തിക്കുന്ന കണ്ണൂർ കാപ്പിറ്റൽ ലോഡ്ജിൽ മുറിയെടുത്ത മയക്കുമരുന്ന് വിൽപനക്കരായ താവക്കര ബസ് സ്റ്റാൻഡിനു സമീപം ഫാത്തിമാസിൽ നിഹാദ് മുഹമ്മദ് (31), ഇയാളുടെ പെൺ സുഹൃത്ത് പാപ്പിനിശേരി വയലിൽ ഹൗസിൽ അനാമിക (26) എന്നിവരെയാണ് ഇന്നലെ രാത്രി 11.30ഓടെ ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും സ്പെഷൽ സ്ക്വാഡ് അംഗങ്ങളും ചേർന്ന് പിടികൂടിയത്. നിഹാദിൽ നിന്ന് 2.72 ഗ്രാം എം.ഡി.എം.എയുംഅനാമികയിൽ നിന്ന് 22 മില്ലി ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
നിഹാദിനെ കീഴ്പ്പെടുത്തി ചോദ്യം ചെയ്‌തപ്പോഴാണ് പോക്കറ്റിൽ നിന്ന് എം.ഡി.എം.എ കണ്ടെത്തിയത്. യുവാവും യുവതിയും മയക്കുമരുന്ന് കാരിയർമാരാണെന്ന് സമൂഹ മാധ്യമങ്ങളിലടക്കം കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേതുടർന്ന് ഇരുവരും പോലീസ് നിരീക്ഷണത്തിൽ ആയിരുന്നു.