ഒറ്റപ്പാലം സഹകരണ അർബൻ ബാങ്കിൽ വൻ തട്ടിപ്പ്: സീനിയർ അക്കൗണ്ടന്റും സിപിഎമ്മുകാരായ ബന്ധുക്കളും പ്രതികൾ

പാലക്കാട്: ഒറ്റപ്പാലത്ത് സി.പി.എം ഭരിക്കുന്ന സഹകരണ അർബൻ ബാങ്കിൽ വൻ ക്രമക്കേട്. ബാങ്ക് സീനിയർ അക്കൗണ്ടൻറ് മോഹന കൃഷ്ണൻ മുക്കുപണ്ടം പണയം വെച്ച് 45 ലക്ഷം രൂപ തട്ടി. മോഹന കൃഷ്ണനെ സസ്പെൻ്റ് ചെയ്ത് ബാങ്ക് അധികൃതർ പൊലീസിൽ പരാതി നൽകി. മോഹനകൃഷ്ണനും സി പി എം ലോക്കൽ കമ്മിറ്റി അംഗം ഉൾപ്പെടെയുള്ള 3 ബന്ധുക്കൾക്കും എതിരെ പൊലീസ് കേസെടുത്തു. പണം വീണ്ടെടുക്കുന്നതിന് മോഹനകൃഷ്ണൻ്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ബാങ്ക് അധികൃതർ നടപടി തുടങ്ങി.
ഒറ്റപ്പാലം അർബൻ ബാങ്കിൻറെ പത്തിരിപ്പാല ബ്രാഞ്ചിലെ സീനിയർ അക്കൗണ്ടൻറായിരുന്നു മോഹനകൃഷ്ണൻ. കഴിഞ്ഞ ജൂൺ മുതൽ ഫെബ്രുവരി വരെയാണ് മുക്കുപണ്ടം വെച്ച് മോഹനകൃഷ്ണൻ പണം തട്ടിയത്. ബന്ധുക്കൾ കൊണ്ടുവന്ന മുക്കുപണ്ടം വാങ്ങിവെച്ച് മോഹനകൃഷ്ണൻ പണം നൽകിയെന്നാണ് കണ്ടെത്തൽ. ബാങ്ക് നടത്തിയ പരിശോധനയിലാണ് മുക്കുപണ്ടം കണ്ടെത്തിയത്. ഉടൻ മോഹന കൃഷ്ണനെതിരെ ഒറ്റപ്പാലം പോലീസിൽ പരാതി നൽകി. മോഹനകൃഷ്ണനെ ബാങ്ക് ഭരണസമിതി സസ്പെൻഡ് ചെയ്തു.