കാല് തല്ലിയൊടിക്കാന്‍ ക്വട്ടേഷന്‍, ആളെ കിട്ടാത്തതോടെ പകുതി പണത്തിന് ബൈക്ക് കത്തിച്ചു; പ്രതികള്‍ അറസ്റ്റില്‍

കോഴിക്കോട്: യുവാവിന്‍റെ കാല് തല്ലിയൊടിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. ക്വട്ടേഷന്‍ നല്‍കിയ ആളെയും ഗുണ്ടാ സംഘത്തിലെ അംഗത്തേയുമാണ് ഫറൂഖ് പൊലീസ് പിടികൂടിയത്. കരുമകന്‍ കാവിന് സമീപം താമസിക്കുന്ന ലിന്‍സിത്ത് ശ്രീനിവാസന്‍ (37)എന്നയാളാണ് ക്വട്ടേഷന്‍ നല്‍കിയത്. ഇയാളേയും ക്വട്ടേഷന്‍ സംഘത്തിലെ ജിതിന്‍ റൊസാരിയോ(27) എന്ന യുവാവിനേയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഫറൂഖ് ചുങ്കത്ത് ടു വീലര്‍ വര്‍ക്ക് ഷോപ്പ് നടത്തുന്ന റിഥു എന്നയാളുടെ കാല് തല്ലിയൊടിക്കാനാണ് ലിന്‍സിത്ത് ക്വട്ടേഷന്‍ നല്‍കിയത്. ലിന്‍സിത്തിന്‍റെ അച്ഛനുമായി റിഥുവും കൂട്ടുകാരനും വഴക്കിട്ട പ്രശ്‌നമാണ് ക്വട്ടേഷന്‍ നല്‍കാന്‍ പ്രേരിപ്പിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.
30,000 രൂപക്ക് ക്വട്ടേഷന്‍ ഉറപ്പിച്ച ലിന്‍സിത്ത് 10,000 രൂപ മുന്‍കൂറായി ജിതിന് നല്‍കി. തുടര്‍ന്ന് ജിതിനും സുഹൃത്തുക്കളും റിഥുവിനെ തേടി പലതവണ ചുങ്കത്തും പരിസരങ്ങളിലും വന്നെങ്കിലും കണ്ടില്ല. അവസാനമായി ഫെബ്രുവരി 21 ന് വീണ്ടുമെത്തിയെങ്കിലും കാണാന്‍ സാധിച്ചില്ല. തുടര്‍ന്ന് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഇരുചക്ര വാഹനം കത്തിച്ച് മടങ്ങുകയായിരുന്നു. കാല് തല്ലിയൊടിക്കാന്‍ സാധിക്കാത്തതിനാല്‍ പകുതി പണമാണ് ഇവര്‍ ലിന്‍സിത്തിന്‍റെ പക്കല്‍ നിന്നും വാങ്ങിയത്.